19 March, 2019 09:36:07 AM


തന്‍റെ പിന്‍ഗാമി ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ




ധര്‍മ്മശാല: മരണശേഷം തന്‍റെ പിന്‍ഗാമി ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ധര്‍മ്മശാലയില്‍ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പിന്‍ഗാമി ഇന്ത്യയില്‍ ഉണ്ടായേക്കാമെന്ന് അദ്ദേഹം പറഞ്ഞത്.ദലൈലാമയുടെ പിന്‍ഗാമിയെ തീരുമാനിക്കാന്‍ അധികാരമുണ്ടെന്ന് ചൈന നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ചൈന നിശ്ചയിക്കുന്ന പിന്‍ഗാമിയെ അംഗീകരിക്കില്ലെന്ന് അദ്ദഹം വ്യക്തമാക്കി. ചൈനയുടെ പ്രതിനിധിയെ ആരും വിശ്വസിക്കുകയില്ലെന്നും ദലൈലാമ പറഞ്ഞു. അതിനാല്‍ തന്നെ പിന്‍ഗാമി ഇന്ത്യയില്‍ നിന്ന് തന്നെയായിരിക്കുമെന്ന് അദ്ദേഹം ഒരിക്കല്‍കൂടി വ്യക്തമാക്കി.



'ദലൈലാമയുടെ പുനരവതാരാത്തെ ചൈന വളരെ പ്രധാന്യത്തോടെയാണ് കാണുന്നത്. എന്നേക്കാള്‍ അടുത്ത ദലൈലാമയാണ് ചൈനയെ ആശങ്കപ്പെടുത്തുന്നത്. ''ഭാവിയില്‍ നിങ്ങള്‍ രണ്ട് ദലൈലാമമാര്‍ ഉണ്ടാവുകയാണെങ്കില്‍, ഒരാള്‍ ഇവിടെ നിന്നും മറ്റൊന്ന് ചൈന തെരഞ്ഞെടുത്തതും, ചൈനയുടെ പ്രതിനിധിയെ ആരും വിശ്വസിക്കുകയില്ല. ചൈനയ്ക്ക് അതൊരു അധിക പ്രശ്നമാവും. അങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ട്. " ദലൈലാമ പറഞ്ഞു.



ദലൈലാമയുടെ പിന്‍ഗാമിയെ തീരുമാനിക്കാന്‍ അധികാരമുണ്ടെന്ന് ചൈന നേരത്തെ പറഞ്ഞിരുന്നു. ടിബറ്റന്‍ ബുദ്ധ വിശ്വാസപ്രകാരം ദലൈലാമയുടെ ആത്മാവ് മരണശേഷം മറ്റൊരു കുട്ടിയിലൂടെ പുനര്‍ ജനിക്കുമെന്നാണ്. 1935ല്‍ ജനിച്ച ഇപ്പോഴത്തെ ദലൈലാമയെ അദ്ദേഹത്തിന്‍റെ രണ്ടാമത്തെ വയസിലാണ് പുനരവതാരമായി കണ്ടെത്തിയത്. അതേസമയം പുതിയ ദലൈലാമയുടെ പദവി ടിബറ്റന്‍ ബുദ്ധവിശ്വാസികളുടെ ഈ വര്‍ഷം നടക്കുന്ന യോഗം തീരുമാനിക്കുമെന്ന് ദലൈലാമ പറഞ്ഞു. ഭൂരിപക്ഷം ടിബറ്റന്‍ ജനങ്ങളും ഈ നേതൃത്വം തുടരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സംവിധാനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.



1959ല്‍ ഇന്ത്യയില്‍ അഭയാര്‍ത്ഥിയായെത്തിയ ദലൈലാമ 60 വര്‍ഷമായി രാജ്യത്താണ് കഴിയുന്നത്. 1950ല്‍ ടിബറ്റിന്‍റെ നിയന്ത്രണമേറ്റെടുത്തിന് ശേഷം 83കാരനായ ദലൈലാമയെ ചൈന വിഘടനവാദിയായണ് കാണുന്നത്. വടക്ക് കിഴക്കന്‍ ടിബറ്റിലെ താക്റ്റ്സെര്‍ എന്ന കര്‍ഷക ഗ്രാമത്തില്‍ 1935 ജൂലൈ 6-നായിരുന്നു ഗ്യാറ്റ്സോയുടെ ജനനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K