19 March, 2019 09:24:14 AM
ഇഡ ചുഴലിക്കാറ്റിൽ മരണം 180 കവിഞ്ഞു; റെഡ് ക്രോസിന്‍റെ സഹായത്തോടെ രക്ഷാപ്രവർത്തനം തുടരുന്നു
ഹരാരേ: ആഫ്രിക്കയുടെ തെക്കൻ മേഖലയിൽ വീശിയടിച്ച ഇഡ ചുഴലിക്കാറ്റിൽ മരണം 180 കവിഞ്ഞു. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റു. സിംബാബ്‍വേയിൽ മാത്രം മരണസംഖ്യ 98 ആയി. 217 പേർക്ക് പരിക്കേറ്റതായും സർക്കാർ അറിയിച്ചിട്ടുണ്ട്. മൊസാംബിക്കിലാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്.
84 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കെങ്കിലും മരണസംഖ്യ 1000 കവിഞ്ഞേക്കുമെന്ന് ആശങ്കയുള്ളതായി മൊസാംബിക്ക് പ്രസിഡന്‍റ് ഫിലിപ്പെ ന്യുയിസി പറഞ്ഞു. വാർത്താവിതരണ സംവിധാനങ്ങൾ തകരാറിലായതിനാൽ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇനിയും പുറത്തുവന്നിട്ടില്ല. റെഡ് ക്രോസിന്‍റെ സഹായത്തോടെ രക്ഷാപ്രവർത്തനം തുടരുകയാണ്. വീടുകൾ വ്യാപകമായി തകർന്നു. കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്നുപോയ നിലയിലാണ്. ഗതാഗതസംവിധാനങ്ങളും താറുമാറായി.