01 March, 2019 04:01:29 PM
അഭിനന്ദനെ കൈമാറുന്നത് വൈകിപ്പിച്ച് പാകിസ്ഥാന്‍: കൈമാറ്റം വൈകിട്ട് പതാക താഴ്ത്തല്‍ ചടങ്ങിനിടെ
ദില്ലി: ഇന്ത്യന്‍ വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധനെ രാജ്യത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ യുദ്ധവിമാനം അയക്കാം എന്ന ഇന്ത്യയുടെ നിര്‍ദേശം പാകിസ്ഥാന്‍ തള്ളി. വാഗാ അതിര്‍ത്തി വഴി അഭിനന്ദനെ തിരികെ അയക്കും എന്ന നിലപാടിലാണ് പാകിസ്ഥാന്‍. അഭിനന്ദനെ തിരികെ കൊണ്ടു വരാന്‍ വ്യോമസേനയുടെ പ്രത്യേക വിമാനം ലാഹോറിലേക്ക് അയക്കാം എന്ന് ഇന്ത്യ അറിയിച്ചെങ്കിലും ഈ നിര്‍ദേശം പാകിസ്ഥാന്‍ തള്ളുകയായിരുന്നു. പഞ്ചാബിലെ വാഗാ അതിര്‍ത്തി വഴി അഭിനന്ദനെ മടക്കി അയക്കാം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പാകിസ്ഥാന്‍.
അതേസമയം വെള്ളിയാഴ്ച്ച ഉച്ചയോടെ അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറും എന്നാണ് നേരത്തെ പാകിസ്ഥാന്‍ അറിയിച്ചതെങ്കിലും കൈമാറ്റം വൈകിപ്പിക്കുകയാണ് പാകിസ്ഥാന്‍ എന്നാണ് ഒടുവില്‍ വരുന്ന വിവരം. വൈകുന്നേരം നടക്കുന്ന പതാക താഴ്ത്തല്‍ ചടങ്ങിനിടയില്‍ അഭിനന്ദനെ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറും എന്നാണ് അറിയുന്നത്. പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാപനതിക്കാവും അഭിനന്ദനെ കൈമാറുക.
വാഗയില്‍ വച്ച് ഗ്രൂപ്പ് കമാന്‍ഡര്‍ ജെഡികുര്യന്‍റെ നേതൃത്വത്തിലുള്ള വ്യോമസേനാസംഘം അഭിനന്ദനെ സ്വീകരിക്കും. അഭിനന്ദന്‍റെ കുടുംബവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിംഗും അടക്കമുള്ളവര്‍ വാഗാ അതിര്‍ത്തിയിലെത്തും. ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയാല്‍ ഉടന്‍ തന്നെ അഭിനന്ദനെ ദില്ലിയില്ലേക്ക് കൊണ്ടും പോകും എന്നാണ് വിവരം. മെഡിക്കല്‍ പരിശോധനകള്‍ അടക്കം പല നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാവും അഭിനന്ദനെ കുടുംബത്തിനൊപ്പം വിടുക.
വാഗാ അതിര്‍ത്തിയില്‍ വൈകിട്ട് നടക്കുന്ന പതാക താഴ്ത്തല്‍ ചടങ്ങിനായി സാധാരണ വന്‍ജനക്കൂട്ടമാണ് എത്താറുള്ളത്. എന്നാല്‍ അഭിനന്ദന്‍റെ മടങ്ങിവരവ് പ്രമാണിച്ച് രാവിലെ മുതല്‍ തന്നെ അവിടെ ആളുകള്‍ എത്തി തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം നൂറുകണക്കിന് ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങളും വാഗായില്‍ ഇപ്പോള്‍ ഉണ്ട്. അതിര്‍ത്തി കടന്നെത്തുന്ന അഭിനന്ദനെ നേരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരുന്നത് ഒഴിവാക്കാനാണ് ഇന്ത്യന്‍ അധികൃതര്‍ക്ക് കിട്ടിയ നിര്‍ദേശം എന്നാണ് സൂചന.