28 February, 2019 09:00:41 AM


വ്യോമപാത അടച്ചു: പാകിസ്ഥാനും ഒമാന്‍ കമ്പനികളും വിമാന സര്‍വ്വീസുകൾ നിര്‍ത്തിവച്ചു



ഇസ്ലാമാബാദ്: ഇന്ത്യാ പാക് അതിര്‍ത്തി പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ആഭ്യന്തര അന്താരാഷ്ട്ര വിമാനസര്‍വീസുകൾ പാകിസ്ഥാൻ നിര്‍ത്തി വച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വ്യോമ പാത അടച്ചിടാൻ പാകിസ്ഥാൻ തീരുമാനിച്ചതായാണ് പാക് സിവിൽ ഏവിയേഷനെ ഉദ്ധരിച്ച് വാര്‍ത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നത്.


ഇസ്ലാമാബാദ് മുൾട്ടാൻ ലഹോര്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം തന്നെ പാകിസ്ഥാൻ നിര്‍ത്തിവച്ചിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഒന്‍പത് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താല്‍കാലികമായി ഇന്ത്യ നിര്‍ത്തിവച്ചിരുന്നെങ്കിലും മണിക്കൂറുകൾക്കകം പുനസ്ഥാപിച്ചു. പാകിസ്ഥാൻ വ്യോമ പാത അടച്ചതോടെ എയര്‍ കാനഡ ഇന്ത്യയിലേക്കുള്ള സര്‍വീസുകൾ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്ത്യയിൽ നിന്നും പടിഞ്ഞാറൻ ഭാ​ഗത്തേക്കുള്ള എല്ലാ വിമാനസർവ്വീസുകളും പാകിസ്ഥാന്‍റെ ആകാശപാത ഒഴിവാക്കി മറ്റു പാതകളിലൂടെ സഞ്ചരിക്കുകയാണ്. 


മസ്കറ്റ്: ഒമാനില്‍ നിന്നും പാകിസ്ഥാനിലേക്ക് സര്‍വ്വീസ് നടത്തുന്ന ഒമാന്‍ വിമാനക്കമ്പനികള്‍ സർവ്വീസ് താത്കാലികമായി നിർത്തിവച്ചു. ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറും,ബജറ്റ് വിമാന കമ്പനിയായ സലാം എയറുമാണ് സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചത്. ഇതോടെ ഒമാന്‍ എയറിന്‍റെ കറാച്ചി, ഇസ്ലാമാബാദ്, ലാഹോര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും സലാം എയറിന്‍റെ കറാച്ചി, മുള്‍ട്ടാന്‍, സിയാല്‍ കോട്ട് സര്‍വീസുകളും അവസാനിപ്പിച്ചു. 


പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗത്തില്‍ നിന്നും അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസുകള്‍ പുനസ്ഥാപിക്കില്ലെന്നും ഒമാന്‍ എയര്‍, സലാം എയര്‍ അധികൃതര്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു. എത്തിഹാദ്, ഫ്ളൈ ദുബായ്, ​ഗൾഫ് എയർ, ശ്രീലങ്കൻ എയർവേഴ്സ് തുടങ്ങിയ കമ്പനികളും പാകിസ്ഥാനിലേക്കുള്ള തങ്ങളുടെ സർവ്വീസ് നിർത്തിവച്ചിരിക്കുകയാണ്.  









Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K