27 February, 2019 07:50:20 PM
മർദ്ദനം ഏറെ ലഭിച്ചിട്ടും രാജ്യ രഹസ്യങ്ങള്‍ വെളിപ്പെടുത്താതെ ധീരനായ ഇന്ത്യന്‍ മിഗ് പൈലറ്റ്
ദില്ലി: ഭീകരതാവളങ്ങള്‍ ആക്രമിച്ച് തകര്‍ത്തതിന് തിരിച്ചടിക്കാന്‍ സേനാതാവളങ്ങള്‍ക്ക് നേര്‍ക്ക് പറന്നെന്നിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് ഇന്ത്യയുടെ വീരപുത്രന്‍ പാക് പിടിയിലായത്. മുഖത്ത് മുറിവേറ്റ നിലയില്‍ പിടിയിലായിട്ടും രാജ്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തില്ലെന്ന് സധൈര്യം ഉത്തരം നല്‍കി ധീരനായ ഇന്ത്യന്‍ മിഗ് പൈലറ്റ് വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാന്‍.
ഒരു സംഘം പാക് സൈനികര്‍ മുഖത്ത് മുറിവേറ്റ ഒരു വൈമാനികനെ പിടികൂടുന്ന ചിത്രം പുറത്തു വിട്ടതിന് പിന്നാലെ പൈലറ്റിനെ കണ്ണുകള്‍ മൂടിക്കെട്ടി പാക് സേനാ താവളത്തില്‍ എത്തിക്കുന്ന ചിത്രങ്ങളും തകര്‍ന്ന ഇന്ത്യന്‍ വിമാനത്തിന്റേതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും എത്തി. ഇതിന് ശേഷമാണ് ഇന്ത്യന്‍ പൈലറ്റിനെ ചോദ്യം ചെയ്യുന്നു എന്ന് വ്യക്തമാക്കി വീഡിയോയും പൈലറ്റില്‍ നിന്ന് പിടിച്ചെടുത്തത് എന്ന് പറഞ്ഞ് രേഖകളും പാക്കിസ്ഥാന്‍ പുറത്തുവിടുന്നത്. പാക് അതിര്‍ത്തി ലംഘിച്ച് വന്ന വിമാനം വെടിവച്ചിട്ടു എന്നാണ് പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത്.
വര്‍ധമാന്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ വ്യോമസേന വിംഗിന്റെ ചെറുത്തുനില്‍പ്പ് ഇല്ലായിരുന്നെങ്കില്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകളിലോ സമീപത്തെ സൈനിക കേന്ദ്രങ്ങളിലോ പാക് വ്യോമസേന ബോംബിങ് നടത്തുമായിരുന്നു എന്നാണ് സൂചനകള്‍ പുറത്തുവരുന്നത്. പക്ഷേ, തക്കസമയത്ത് പറന്നുയര്‍ന്ന ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ചടിച്ചതോടെ അതിര്‍ത്തിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഇന്ത്യന്‍ സൈനിക പോസ്റ്റിന് സമീപം ബോംബുകള്‍ വര്‍ഷിച്ച് പാക് വിമാനങ്ങള്‍ തിരിച്ചു പറക്കുകയായിരുന്നു. ഇതിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സൈനിക വ്യൂഹത്തിലെ ഒരു വിമാനമാണ് നഷ്ടപ്പെട്ടത്. അതിലെ പൈലറ്റായിരുന്നു അഭിനന്ദന്‍.
ധീരമായാണ്, ഒട്ടും കൂസലില്ലാതെ പാക് സൈനിക ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് അഭിനന്ദന്‍ മറുപടി നല്‍കുന്നതെന്ന് പാക് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നു. ഇന്ത്യന്‍ സൈനിക രഹസ്യങ്ങളെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കും മറ്റും അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാവില്ല എന്ന് ധീരതയോടെ ഉത്തരം നല്‍കുകയാണ് അഭിനന്ദന്‍. മുഖത്ത് മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലാണ് യുവാവിനെ കസ്റ്റഡിയില്‍വച്ച് ചോദ്യം ചെയ്യുന്നത്. ഇതോടെ പാക്കിസ്ഥാന്റെ ഇത്തരം നടപടിയും ലോക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു.
യുദ്ധത്തില്‍ തടവിലാക്കപ്പെട്ട ഒരു സൈനികനെയോ ഇത്തരത്തില്‍ വിമാനം തകര്‍ന്ന് കസ്റ്റഡിയില്‍ അകപ്പെടുന്ന വൈമാനികനേയോ പരിക്കേറ്റയാളെങ്കില്‍ വേണ്ട പരിചരണം നല്‍കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യണമെന്നാണ് അന്താരാഷ്ര്ട നിയമം. ഇതിന്റെ ലംഘനമാണ് പാക്കിസ്ഥാന്‍ നടത്തിയതെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇത്തരത്തില്‍ സൈനികനെ തടവില്‍ ലഭിച്ചാല്‍ ആ വിവരം നയതന്ത്ര ഉദ്യോഗസ്ഥര്‍വഴിയും സൈനിക വക്താക്കള്‍ വഴിയും പരസ്പരം രാജ്യങ്ങള്‍ അറിയിക്കണമെന്ന ധാരണ പാക്കിസ്ഥാന്‍ പാലിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നു.
പാക് ആര്‍മിയുടെ ചോദ്യങ്ങള്‍ക്ക് മുഖം മറച്ച ഇന്ത്യന്‍ വ്യോമ സേനാ യൂണിഫോമിലുള്ള യുവാവ് മറുപടി നല്‍കുന്നതാണ് വീഡിയോയാണ് ആര്‍മി പുറത്തുവിട്ടത്. തന്റെ പേര് അഭിനന്ദന്‍ ആണെന്നും വിങ് കമാന്‍ഡര്‍ ആണെന്നും സര്‍വീസ് നമ്പര്‍ 27981 ആണെന്നും വ്യക്തമാക്കുന്ന യുവാവ് താന്‍ പൈലറ്റാണെന്നും താനൊരു ഹിന്ദു ആണെന്നും വ്യക്തമാക്കുന്നുണ്ട്. അതേസമയം മറ്റു പല ചോദ്യങ്ങളോടും മറുപടി പറയാന്‍ വിസമ്മതിക്കുന്നുമുണ്ട്. ഇന്ത്യന്‍ സേനയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ബഹുമാനത്തോടെ തന്നെ ഞാന്‍ ഇതിന് മറുപടി നല്‍കില്ലെന്ന് ധീരതയോടെ പറയുകയാണ് അഭിനന്ദന്‍. ഇതിന് പിന്നാലെയാണ് താന്‍ പാക്കിസ്ഥാന്‍ ആര്‍മിയുടെ കസ്റ്റഡിയിലാണോ എന്ന് യുവാവ് ചോദിക്കുന്നത്.
ഇത്തരത്തില്‍ ചോദ്യം ചെയ്യുന്ന വീഡിയോയ്‌ക്കൊപ്പം അഭി എന്ന് പേര്‍ ആലേഖനം ചെയ്ത എയര്‍ഫോഴ്‌സ് യൂണിഫോം ധരിച്ച യുവാവിന്റെ ചിത്രവും പുറത്തുവിട്ടു. യുവാവിന്റെ മുഖത്ത് മുറിവേറ്റതായി ചിത്രങ്ങളിലും വീഡിയോയിലും വ്യക്തമാണ്. മുഖത്തുനിന്ന് രക്തംവാര്‍ന്നതായും കാണാം. ഇതിനിടെ, ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ഇന്ത്യന്‍ പൈലറ്റ് മിസ്സിങ് ആണെന്ന വിവരം പത്രസമ്മേളനത്തില്‍ അറിയിക്കുന്നത്.
മിഗ് വിമാനവുമായി പറന്നുയര്‍ന്ന പൈലറ്റ് തിരിച്ചെത്തിയില്ലെന്ന് സേന വ്യക്തമാക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചത്. മിഗുമായി പറന്നുയര്‍ന്ന അഭിനന്ദന്‍ തിരിച്ചെത്തിയില്ലെന്നാണ് സേനയെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സി സ്ഥിരീകരണം നല്‍കുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ വിമാനം പാക് അതിര്‍ത്തിയില്‍ തകര്‍ന്നു എന്ന വിവരത്തിനും സ്ഥിരീകരണം ആകുകയാണ്