27 February, 2019 01:27:51 PM


'മറുപടി തീർച്ചയായും ഉണ്ടാകും, തീർത്തും വ്യത്യസ്തമായിരിക്കും' ; മുന്നറിയിപ്പുമായി പാക് സൈന്യം



ഇസ്ലാമാബാദ്: ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന സൂചനയുമായി പാകിസ്ഥാന്‍ സൈന്യം. പാക് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്ക് തീർച്ചയായും മറുപടി നൽകുമെന്നും അത് സർപ്രൈസ് ആയിരിക്കുമെന്നും ഗഫൂർ പറഞ്ഞു. ഇസ്ലാമാബാദിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആസിഫ് ഗഫൂർ.


'സർപ്രൈസിനായി കാത്തിരുന്നോളൂ. മറുപടി തീർച്ചയായും ഉണ്ടാകും. അത് തീർത്തും വ്യത്യസ്തമായിരിക്കും'-ആസിഫ് ഗഫൂർ പറഞ്ഞു. തിരിച്ചടി നൽകാൻ പാക് സൈന്യം തീരുമാനിച്ചു കഴിഞ്ഞു. കൃത്യസമയത്തു തന്നെ തിരിച്ചടിച്ചിരിക്കും. സൈന്യത്തെ വിപൂലികരിക്കാനുള്ള നടപടികള്‍ നടന്നുവരികയാണെന്നും ഗഫൂർ കൂട്ടിച്ചേർത്തു. ഇന്ത്യ യുദ്ധത്തിന്റെ വഴിയിലാണ്. നിങ്ങള്‍ക്ക് ഞങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ലക്ഷ്യമെങ്കില്‍, അതുതന്നെ ലഭിക്കും. സിവിലിയന്‍ ഏരിയകള്‍ ലക്ഷ്യമിട്ട് തീവ്രവാദ ഗ്രൂപ്പുകളെ ഒന്നടങ്കം ഇല്ലാതാക്കിയെന്ന് തെളിയിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ഗഫൂർ പറഞ്ഞു.


അതേസമയം നിയന്ത്രണ രേഖയില്‍ നിന്നും 4-5 നോട്ടിക്കല്‍ മൈല്‍ ദൂരം പിന്നിട്ട് ഇന്ത്യന്‍ വ്യോമസേനയുടെ  വിമാനങ്ങള്‍ എത്തിയെന്ന കാര്യം ഗഫൂർ സ്ഥിരീകരിച്ചു.  ബുധനാഴ്ച പാകിസ്ഥാന്റെ പാര്‍ലമെന്റ് സംയുക്ത യോഗം വിളിച്ചിട്ടുണ്ട്. അതിനുശേഷം ചേരുന്ന നാഷണല്‍ കമാന്‍ഡ് അതോറിട്ടി യോഗത്തിലാകും തിരിച്ചടിയുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുകയെന്നും പാക് സൈനിക വക്താവ് അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K