26 February, 2019 11:53:34 AM


ലണ്ടനില്‍ ജങ്ക് ഫുഡ് പരസ്യങ്ങള്‍ക്ക് നിരോധനം; ആദ്യഘട്ടത്തില്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ് വര്‍ക്കില്‍




ലണ്ടന്‍: ലണ്ടനിലെ പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് നെറ്റ് വര്‍ക്കില്‍ ജങ്ക് ഫുഡുകളുടെ പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന നീക്കത്തിന് തുടക്കമായി. ഇത് പ്രകാരം കൊഴുപ്പ് , ഉപ്പ്, പഞ്ചസാര, തുടങ്ങിയവഏറെയുള്ള ഭക്ഷ്യവസ്തുക്കളുടെയും ഡ്രിങ്ക്സുകളുടെയും പോസ്റ്ററുകള്‍ക്ക് നിരോധനമുണ്ടാകുന്നതാണ്. അണ്ടര്‍ഗ്രൗണ്ട്, ഓവര്‍ഗ്രൗണ്ട്, ബസുകള്‍, ബസ് ഷെല്‍ട്ടറുകള്‍ തുടങ്ങിയ ഗതാഗത സംവിധാനങ്ങളില്‍ നിന്നെല്ലാം ഇത്തരം പരസ്യങ്ങള്‍ ഇന്ന് മുതല്‍ നീക്കം ചെയ്യാനാരംഭിച്ചിട്ടുണ്ട്.


എന്നാല്‍ ഇത്തരം നെറ്റ് വര്‍ക്കുകളില്‍ നിന്നും ചില ജങ്ക് ഫുഡുകളുടെ പരസ്യങ്ങള്‍ കുറച്ച് കാലം കൂടി നിലനില്‍ക്കുന്നതായിരിക്കും. കാരണം ഇവ ദീര്‍ഘകാലത്തേക്ക് സ്പേസുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തതാണ് ഇതിന് കാരണം. എന്നാല്‍ ഇനി ഇത്തരം പരസ്യങ്ങള്‍ക്കുള്ള ബുക്കിംഗുകളില്‍ പുതിയ പോളിസി അനുവര്‍ത്തിക്കുമെന്നാണ് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ അറിയിക്കുന്നത്. പരസ്യക്കാര്‍ക്ക് തുടര്‍ന്നും ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ നെറ്റ് വര്‍ക്കുകളില്‍ പരസ്യം ചെയ്യാനാവുമെന്നും എന്നാല്‍ ഏവരും പുതിയ നിയമങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കേണ്ടി വരുമെന്നുമാണ് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ വിശദീകരിക്കുന്നത്.


ഇത് പ്രകാരം കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ വളരെ അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ പരസ്യങ്ങള്‍ നിരോധിക്കുമെന്നും ടിഎഫ്എല്‍ ആവര്‍ത്തിക്കുന്നു. തലസ്ഥാനത്ത് കുട്ടികളില്‍ പൊണ്ണത്തടിയും അമിതഭാരവും കടുത്ത സാമൂഹിക പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അതിനെ പിടിച്ച് കെട്ടേണ്ടത് കടുത്ത മുന്‍ഗണനയേകേണ്ടുന്ന കാര്യമായീത്തീര്‍ന്നിരിക്കുന്നുവെന്നുമാണ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍ പൊണ്ണത്തടിയെന്ന സാമൂഹിക പ്രശ്നത്തിന് പരിഹാരം തേടുന്നതില്‍ ഈ പരസ്യ നിരോധനം വളരെ കുറച്ച് മാത്രമേ ഫലം ചെയ്യുകയുള്ളുവെന്നാണ് അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ പ്രതികരിച്ചിരിക്കുന്നത്.


ടിഎഫ്എല്‍ നിയന്ത്രിക്കുന്ന റോഡുകളിലും പുതിയ നയമനുസരിച്ച് ഇത്തരം പരസ്യങ്ങള്‍ നിരോധിക്കും. ഇതില്‍ റൗണ്ട് എബൗട്ടുകള്‍, ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു. ടാക്സികള്‍, പ്രൈവറ്റ് ഹയര്‍ വെഹിക്കിളുകള്‍, ഡയല്‍ എ റൈഡ്, എന്നിവയിലും ഇത്തരം പരസ്യങ്ങള്‍ ഇനി മുതല്‍ നല്‍കാന്‍ പാടില്ല. കൂടാതെ റിവര്‍ സര്‍വീസുകള്‍, ട്രാംസ്, ദി എമിറേറ്റ്സ് എയര്‍ലൈന്‍ കേബിള്‍ കാര്‍, വിക്ടോറിയ കോച്ച് സ്റ്റേഷന്‍ എന്നിവിടങ്ങളിലും ഇത്തരം പരസ്യങ്ങള്‍ നിരോധിക്കുന്നതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K