22 February, 2019 05:47:09 PM
മത്സ്യമാര്‍ക്കറ്റ് ലേലം: ഏറ്റുമാനൂര്‍ നഗരസഭാ കൌണ്‍സിലില്‍ ചേരിതിരിഞ്ഞ് ബഹളവും നാടകീയ രംഗങ്ങളും
വാടക കൂട്ടാന്‍ നിര്‍ദ്ദേശം കൊണ്ടുവന്ന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വോട്ടിംഗ് സമയത്ത് മറുകണ്ടം ചാടി
ഏറ്റുമാനൂര്‍ : മത്സ്യമാര്‍ക്കറ്റിലെ സ്റ്റാളുകളുടെ വാടക കൂട്ടി നിശ്ചയിക്കുന്നതിനെചൊല്ലി ഏറ്റുമാനൂര്‍ നഗരസഭാ കൌണ്‍സില്‍ യോഗത്തില്‍ വന്‍ബഹളം. ലൈസന്‍സ് പുതുക്കുമ്പോള്‍ വാടക കൂട്ടി നല്‍കണമെന്ന നിര്‍ദ്ദേശം കൊണ്ടുവന്ന ധനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റിയുടെ ചെയര്‍പേഴ്സണ്‍ കൂടിയായ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ വോട്ടിനിട്ടപ്പോള്‍ മറുപക്ഷം ചേര്‍ന്നതും കൌണ്‍സിലില്‍ നാടകീയരംഗങ്ങള്‍ക്ക് വഴിവെച്ചു.
നഗരസഭ മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളുടെയും മത്സ്യ - പച്ചക്കറി മാര്‍ക്കറ്റുകളിലെ സ്റ്റാളുകളിലെയും വാടക പുതുക്കി നിശ്ചയിക്കുന്നതും ലേലം ചെയ്യുന്നതുമായിരുന്നു വെള്ളിയാഴ്ച നടന്ന കൌണ്‍സിലിലെ പ്രധാന അജണ്ട. നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സില്‍ സ്വകാര്യ ബസ് സ്റ്റാന്‍റിനുള്ളില്‍ സ്ഥിതി ചെയ്യുന്ന കച്ചവടസ്ഥാപനങ്ങളുടെ വാടക നിലവിലുള്ളതിലും അഞ്ച് ശതമാനം വര്‍ദ്ധിപ്പിക്കുവാന്‍ ഐക്യകണ്ഠേന തീരുമാനിച്ചു. പച്ചക്കറി മാര്‍ക്കറ്റ് നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ അവിടെയുള്ള സ്റ്റാളുകള്‍ക്കും അഞ്ച് ശതമാനം വര്‍ദ്ധിപ്പിച്ചാല്‍ മതി എന്നും തീരുമാനിച്ചു.
അതേസമയം, മത്സ്യമാര്‍ക്കറ്റിന്‍റെ വാടക വര്‍ദ്ധിപ്പിക്കുന്ന വിഷയം ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ ചില കോണ്‍ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കപ്പെട്ടു. നഗരത്തില്‍ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന മത്സ്യമാര്‍ക്കറ്റിന് പത്ത് ശതമാനമെങ്കിലും നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം കൊണ്ടുവന്നത് ധനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റിയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ ചര്‍ച്ച വന്‍ബഹളത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ ചില്ലറവില്‍പ്പന സ്റ്റാളുകള്‍ക്ക് മാത്രം അഞ്ച് ശതമാനം വാടക വര്‍ദ്ധിപ്പിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. മൊത്തവിതരണ സ്റ്റാളുകള്‍ക്ക് പത്ത് ശതമാനം വര്‍ദ്ധന വേണമെന്ന നിലപാടില്‍ പ്രതിപക്ഷവും ഉറച്ചു നിന്നതോടെ വോട്ടിനിടാമെന്ന അഭിപ്രായമുയര്‍ന്നു.
വോട്ടിനിട്ടപ്പോള്‍ നിര്‍ദ്ദേശം കൊണ്ടുവന്ന ധനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റിയുടെ ചെയര്‍പേഴ്സണും കോണ്‍ഗ്രസ് പ്രതിനിധിയും കൂടിയായ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ജയശ്രീ ഗോപിക്കുട്ടന്‍ മറുകണ്ടം ചാടി. സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളോടൊപ്പം ചേര്‍ന്ന് താന്‍ കൊണ്ടുവന്ന നിര്‍ദ്ദേശത്തെ എതിര്‍ത്ത് വോട്ടുചെയ്തു. എന്നാല്‍ എല്‍ഡിഎഫ് പ്രതിനിധികളോടൊപ്പം ബിജെപിയിലെയും സ്വതന്ത്രരായി വിജയിച്ച ചില അംഗങ്ങളും ചേര്‍ന്നപ്പോള്‍ പത്തിനെതിരെ 13 വോട്ടുകള്‍ക്ക് പത്ത് ശതമാനം വര്‍ദ്ധിപ്പിക്കാമെന്ന നിര്‍ദ്ദേശം പാസായി. 35 അംഗ കൌണ്‍സിലില്‍ 24 അംഗങ്ങള്‍ ഹാജരുണ്ടായിരുന്നതില്‍ ചെയര്‍മാന്‍ വോട്ടു ചെയ്തില്ല.
എന്നാല്‍ കൌണ്‍സില്‍ തീരുമാനപ്രകാരം വാടക കൂട്ടിയാലും ലേലവ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിച്ചാലേ മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിക്കാനനുവദിക്കൂ എന്ന നിലപാടായിരുന്നു ആരോഗ്യസ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസിന്‍റേത്. വെള്ളക്കരവും വൈദ്യുതിചാര്‍ജും നഗരസഭ അടയ്ക്കുന്നത് നിര്‍ത്തലാക്കി കച്ചവടക്കാര്‍ തന്നെ അടയ്ക്കണമെന്നും സ്റ്റാളുകള്‍ സ്വന്തം ചെലവില്‍ വൃത്തിയാക്കണമെന്നും ഞായറാഴ്ചകളില്‍ 11 മണിയ്ക്കു ശേഷം മത്സ്യമാര്‍ക്കറ്റ് അടച്ചിടണമെന്നുമുള്ള വ്യവസ്ഥകള്‍ ഇപ്പോള്‍ പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. മാര്‍ക്കറ്റിലെത്തുന്ന അന്യസംസ്ഥാനവാഹനങ്ങള്‍ നഗരസഭാപരിസരത്തും ബസ് സ്റ്റാന്‍റിലും പാര്‍ക്ക് ചെയ്തും പൊതുസ്ഥലത്ത് മത്സ്യം വെട്ടിനുറുക്കി അവശിഷ്ടങ്ങള്‍ നിരത്തി ഇടുന്നതും തടയണമെന്നും മോഹന്‍ദാസ് ആവശ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മത്സ്യവ്യാപാരികളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
മത്സ്യമാര്‍ക്കറ്റിലുള്ളവര്‍ വാടകയും സെക്യൂരിറ്റി തുകയും നഗരസഭയില്‍ കൃത്യമായി അടച്ചിട്ടില്ലെന്നും ചൂണ്ടികാണിക്കപ്പെട്ടു. ഇത് കഴിഞ്ഞയിടെ നടന്ന ഓഡിറ്റിംഗിലും കണ്ടെത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ വാടക അടച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ചില വ്യാപാരികള്‍ രസീത് സഹിതം രംഗത്തെത്തിയതായും എന്നാലിത് സംബന്ധിച്ച് നഗരസഭയില്‍ വ്യക്തമായ രേഖകളില്ലെന്നും ആരോപണമുയര്‍ന്നു. പ്രതിമാസവാടകയുടെ മൂന്നിരട്ടി സെക്യൂരിറ്റിയായി വാങ്ങണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത് കൃത്യമായി അടയ്ക്കാതിരുന്ന വ്യാപാരികളെ കച്ചവടത്തിനനുവദിച്ചതും വലിയ വീഴ്ചയായി ചൂണ്ടികാണിക്കപ്പെടുന്നു. ഇത്തരം പ്രശ്നങ്ങളില്‍ വ്യക്തതയുണ്ടാക്കി നടപടിയെടുക്കുന്നതിന് റവന്യു ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്താനും കൌണ്‍സിലില്‍ തീരുമാനമായി.