19 February, 2019 07:11:37 PM
കോട്ടയം പേരൂരില്‍ പുഞ്ചപാടത്തേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
കോട്ടയം: പേരൂര്‍ പുഞ്ചപാടത്തേയ്ക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പേരൂര്‍ അമ്പാട്ട് രാമചന്ദ്രന്‍ നായരുടെയും ശാന്തമ്മയുടെയും മകന്‍ സജീവ് കുമാര്‍ (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെ ആയിരുന്നു അപകടം. തെള്ളകം പാടത്തിന് നടുവിലൂടെയുള്ള ബണ്ട് റോഡിലൂടെ യാത്ര ചെയ്യവെ നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കില്‍ നിന്ന് പാടത്തെ വെള്ളവും പുല്ലും നിറഞ്ഞ അരയടി ആഴമുള്ള ചെറിയ കൈതോട്ടിലേക്ക് മുഖം പൊത്തി വീഴുകയായിരുന്നു സജീവ്.
നാട്ടുകാരും പോലീസും ചേര്‍ന്ന് സജീവിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ചെളിയില്‍ തല പുതഞ്ഞു പോയതായിരിക്കാം മരണകാരണമെന്ന് അനുമാനിക്കുന്നതായി പോലീസ് പറയുന്നു. അവിവാഹിതനാണ്. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സജന എ.ആര്‍ (വനിതാ സിപിഓ, ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍) ഏക സഹോദരിയാണ്. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പില്‍.
കണിയാപറമ്പ് - മൂഴിയാറ്റില്‍ റോഡ് എന്ന പേരിലുള്ള ബണ്ട് റോഡ് അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങലായി. കഴിഞ്ഞ പ്രളയത്തില്‍ റോഡിന്‍റെ സ്ഥിതി കൂടുതല്‍ വഷളായി. റോഡിന്‍റെ ഏതാണ്ട് മധ്യഭാഗത്ത് ഏതും നിമിഷവും നിലം പൊത്താവുന്ന രീതിയിലുള്ള പാലവും അപ്രോച്ച് റോഡും ഭീഷണി ഉയര്‍ത്തുന്നു. സജിയുടെ മരണത്തിന് റോഡിന്‍റെ ശോചനീയാവസ്ഥ പ്രധാന കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.