16 February, 2019 03:40:00 PM
കെവിന്‍ വധക്കേസ്: കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്
കോട്ടയം: കെവിന്‍ വധക്കേസില്‍ പ്രതികളില്‍ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ പോലീസുകാര്‍ക്കെരിരെ കര്‍ശന നടപടി. അന്വേഷണത്തില്‍ കൃത്യവിലോപം നടത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ എ.എസ്.ഐ ബിജുവിനെ പിരിച്ചുവിട്ടു. ഗാന്ധിനഗര്‍ മുന്‍ എസ്.ഐ എം.എസ് ഷിബുവിന് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി.
കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെയാണ് നോട്ടീസ് നല്‍കിയത്. മറുപടി പതിനഞ്ച് ദിവസത്തിനകം നല്‍കണമെന്നാണ് ഷിബുവിന് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എ.എസ്.ഐ ഷിബുവിനെയും ഡ്രൈവര്‍ അജയ്കുമാറിനെയും നേരത്തെ അറസ്റ്റു ചെയ്തിരുന്നുവെങ്കിലും ഇരുവരും പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു.
സി.പി.ഒ എന്‍.അജയ്കുമാറിന്റെ ഇന്‍ക്രിമെന്റ് മൂന്നു വര്‍ഷം പിടിച്ചുവയ്ക്കാനും തീരുമാനിച്ചു. കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന് എത്തിയ പ്രതികള്‍ സഞ്ചരിച്ച വാഹനം പട്രോളിംഗിനിടെ പോലീസ് സംഘം പിടികൂടിയിരുന്നു. വാഹനത്തില്‍ മാരകായുധങ്ങളും കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രതികളില്‍ നിന്ന് കോഴ വാങ്ങി പോലീസുകാര്‍ പ്രതികളെയും വാഹനവും വിട്ടയക്കുകയായിരുന്നു.
കെവിനെ തട്ടിക്കൊണ്ടുപോയ വിവരം കാണിച്ച് പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയ ഭാര്യ നീനുവില്‍ നിന്നും കെവിന്റെ ബന്ധുക്കളില്‍ നിന്നും പരാതി സ്വീകരിക്കാതെ തിരിച്ചയച്ചുവെന്നും മുഖ്യമന്ത്രിയുടെ സന്ദര്‍ശനമുള്ളതിനാല്‍ അന്വേഷിക്കാന്‍ സമയമില്ലെന്ന് അറിയിച്ചുവെന്നും കുടുംബം പറഞ്ഞിരുന്നു. കെവിന്‍ വധക്കേസില്‍ വിചാരണ കോടതിയില്‍ ആരംഭിച്ചുകഴിഞ്ഞു.