06 October, 2025 04:12:07 PM
സിഎംആർഎൽ കേസ്; മാത്യു കുഴൽനാടന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: മാസപ്പടിക്കേസിൽ മാത്യു കുഴൽനാടൻ എംഎൽഎക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം കോടതി തള്ളി. ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. സിഎംആർഎൽ- എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ സുപ്രിം കോടതിയെ സമീപിച്ചത്. അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ നൽകിയത്.
ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. രാഷ്ട്രീയ പോരാട്ടത്തിന് കോടതി വേദി ആക്കരുതെന്നും രാഷ്ട്രീയ പോരാട്ടങ്ങൾ നടത്തേണ്ടത് തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് മുന്നിലാണെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകളെന്ന ആനുകൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ട് സിഎംആര്‍എല്ലിൽ നിന്നും മാസപ്പടി കൈപ്പറ്റി എന്നതായിരുന്നു ആരോപണം. ഇതിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാത്യു കുഴൽനാടൻ എംഎൽഎയുടെ ആവശ്യം ആദ്യം വിജിലൻസ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയിലെത്തിയെങ്കിലും സമാനമായ നിലപാട് തന്നെയായിരുന്നു കേരള ഹൈക്കോടതിയും സ്വീകരിച്ചത്.