17 September, 2025 01:37:35 PM


മോദിയുടെയും അമ്മയുടെയും എഐ വീഡിയോ നീക്കം ചെയ്യണം; കോൺഗ്രസിനോട് പട്ന ഹൈക്കോടതി



പാട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മാതാവ് ഹീരാബെന്നിന്റെയും എഐ വീഡിയോ നീക്കം ചെയ്യാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ട് പാട്‌ന ഹൈക്കോടതി. എല്ലാ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമില്‍ നിന്നും വീഡിയോ നീക്കം ചെയ്യണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് പി ബി ബജന്ദ്രി ഉത്തരവിട്ടു.

മോദിയെയും മാതാവിനെയും ഉള്‍പ്പെടുത്തിയുള്ള 36 സെക്കന്റ് ദൈര്‍ഘ്യമുള്ള എഐ വീഡിയോ ഈ മാസം 10നാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. ബിഹാര്‍ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമത്തിലായിരുന്നു മോദിയുടെയും മാതാവിന്റെയും എഐ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്നത്തില്‍ മോദിയോട് അമ്മ അപേക്ഷിക്കുന്നതാണ് വീഡിയോ. മരിച്ചുപോയ അമ്മയോട് സാമ്യമുള്ള എഐ കഥാപാത്രം മോദിയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് രാഷ്ട്രീയത്തില്‍ തന്റെ പേര് ഉപയോഗിച്ചതിന് അദ്ദേഹത്തെ കര്‍ശനമായി ശാസിക്കുന്നതും മോദിയോട് സാമ്യമുള്ള എഐ കഥാപാത്രം ഇത് കേട്ട് ഞെട്ടലോടെ ഉണരുന്നതുമാണ് വീഡിയോ.

ബിഹാർ കോൺഗ്രസ് പോസ്റ്റ് ചെയ്ത ഈ AI വീഡിയോ വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു. പ്രധാനമന്ത്രിയുടെ അന്തരിച്ച അമ്മയെ കോൺഗ്രസ് അപമാനിച്ചുവെന്ന് ബിജെപി ആരോപിച്ചു. എന്നാൽ വീഡിയോയിൽ ഒരിടത്തും ഹീരാബെൻ മോദിയെ അപമാനിച്ചിട്ടില്ലെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940