20 September, 2025 09:05:07 AM


ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാതീരം; ഉദ്ഘാടനം മുഖ്യമന്ത്രി



പത്തനംതിട്ട: പമ്പാ മണപ്പുറത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം ഇന്ന്. ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടത്തുന്ന സംഗമം രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധികള്‍ അടക്കം 3,500 പ്രതിനിധികളാകും സംഗമത്തില്‍ പങ്കെടുക്കുക. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പാസ് മുഖേനയാണ് പാസ്.

രാവിലെ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ പ്രാര്‍ത്ഥനയോടെയാണ് പരിപാടിക്ക് തുടക്കമാകുക. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പരിപാടിയില്‍ സ്വാഗതം പറയും.

മൂന്ന് സെഷനുകളായാണ് ചര്‍ച്ചകള്‍ സംഘടിപ്പിക്കുക. മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറും ആധ്യാത്മിക ടൂറിസം ചര്‍ച്ച പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായരും തിരക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ചര്‍ച്ച റിട്ട. ഡിജിപി ജേക്കബ് പുന്നൂസും നയിക്കും. അയ്യപ്പ സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പമ്പയില്‍ പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. മറ്റ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് തടസ്സമില്ലാത്ത രീതിയില്‍ ആണ് സംഗമം നടത്തുകയെന്നും ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ചോദ്യാവലി കൊടുക്കുമെന്നും എല്ലാവര്‍ക്കും അത് പൂരിപ്പിച്ചു നല്‍കാമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.

3,500 പ്രതിനിധികള്‍ക്കുള്ള ഇരിപ്പിടമാണ് പ്രധാന വേദിയില്‍ ഒരുക്കിയിട്ടുള്ള്. പാനല്‍ ചര്‍ച്ചകള്‍ക്കും, ഭക്ഷണശാലയ്ക്കും പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്. 300ടണ്‍ ശേഷിയുള്ള ശീതീകരണ സംവിധാനമാണ് ഓരോ പന്തലിലും ഒരുക്കിയിട്ടുള്ളത്. വേദിയോട് ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് ശബരിമല ഐതീഹ്യവും ചരിത്രവും പറയുന്ന സ്റ്റാളും ഒരുക്കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914