06 October, 2025 12:04:50 PM


പരിപ്പ് കറിയില്‍ പുഴുവിനെ കണ്ടെത്തി; വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തെക്കുറിച്ച് പരാതി, അന്വേഷണം



കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിലെ ഭക്ഷണത്തിനെതിരെ വീണ്ടും പരാതി. മംഗളൂരു- തിരുവനന്തപുരം എക്‌സ്പ്രസില്‍ ഈ മാസം രണ്ടിന് ഉച്ചയ്ക്ക് ചോറിനൊപ്പം ലഭിച്ച പരിപ്പ് കറിയില്‍ നിറയെ പുഴുക്കളായിരുന്നു എന്നാണ് മംഗളൂരു സ്വദേശിനിയായ സൗമിനിയുടെ പരാതി. തൃശ്ശൂരില്‍ നിന്നായിരുന്നു സൗമിനിയും അവരുടെ മൂന്ന് കുടുംബാംഗങ്ങളും വന്ദേഭാരതില്‍ കയറിയത്. ഇതേത്തുടര്‍ന്ന് ലഭിച്ച ഉച്ചഭക്ഷണത്തിലാണ് പുഴുവിനെ കണ്ടത്. തങ്ങള്‍ക്ക് കൂടാതെ മറ്റ് യാത്രക്കാര്‍ക്കും ഇതേ പ്രശ്‌നമുണ്ടായിരുന്നതായി സൗമിനി പറഞ്ഞു.

'കുറച്ച് നാളുകള്‍ക്ക് മുന്‍പ് വന്ദേഭാരത് ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി എന്ന വാര്‍ത്ത വന്നിരുന്നതിനാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് എല്ലാവരോടും പറഞ്ഞിരുന്നു. ഭക്ഷണത്തില്‍ പുഴുവുള്ള കാര്യം മറ്റ് യാത്രക്കാരെ അറിയിക്കുകയും ഇക്കാര്യം ട്രെയിനിലെ ക്യാറ്ററിങ് സര്‍വീസുകാരോട് പറയുകയും ചെയ്തിരുന്നു.' സൗമിനി വ്യക്തമാക്കി.

ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കിട്ടിയത് കാണിച്ച് ഐആര്‍സിടിസിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഭക്ഷണത്തിന്റെ പണം തിരികെ ലഭിച്ചെന്നും തുടര്‍ നടപടിയെടുക്കുമെന്ന് അറിയിച്ചതായും സൗമിനി പറഞ്ഞു. അതേസമയം ഇന്ത്യന്‍ റെയില്‍വേയെ ഇക്കാര്യ അറിയിച്ചപ്പോള്‍ പ്രതികരിക്കാം എന്ന മറുപടിയാണ് ലഭിച്ചതെന്നും സൗമിനി കൂട്ടിച്ചേര്‍ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945