06 October, 2025 08:43:20 AM
ആഡംബര താമസം : അയ്യപ്പസംഗമത്തിന് കോടികൾ ചിലവഴിച്ച രേഖകൾ പുറത്ത്

കോട്ടയം: പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്ത വിഐപി പ്രതിനിധികൾക്ക് താമസ സൗകര്യം ഒരുക്കുന്നതിനടക്കം കോടികള്‍ ചെലവഴിച്ചതിന്റെ രേഖകൾ പുറത്ത്. പമ്പയിലാണ് അയ്യപ്പ സംഗമം നടന്നതെങ്കിലും, അതില്‍ പങ്കെടുത്ത പ്രതിനിധികളെ താമസിപ്പിക്കുന്നതിനായി തിരഞ്ഞെടുത്തത് കുമരകത്തെ സ്റ്റാർ ഹോട്ടലുകളും റിസോര്‍ട്ടുകളുമായിരുന്നു. താമസസൗകര്യത്തിനായി ലക്ഷങ്ങളാണ് അഡ്വാന്‍സ് തുകയായി ദേവസ്വം ഫണ്ടില്‍ നിന്ന് നല്‍കിയത്. പമ്പയില്‍ സംഗമം നടക്കുകയും കുമരകത്ത് വലിയ തുക ചെലവഴിച്ച് താമസം ഒരുക്കുകയും ചെയ്തതില്‍ വലിയ ധൂര്‍ത്ത് നടന്നിട്ടുണ്ടെന്നാണ് ആരോപണം.
സംഗമത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ തങ്ങിയത് ആഡംബര റിസോര്‍ട്ടുകളിലാണെന്നും മുറിവാടക ഇനത്തില്‍ ലക്ഷക്കണക്കിന് രൂപ ദേവസ്വം ബോര്‍ഡ് ചെലവഴിച്ചതായും പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. സ്‌പോണ്‍സര്‍മാര്‍ ആണ് സംഗമത്തിന് പണം നല്‍കിയതെന്ന വാദം സംഘാടകര്‍ ഉന്നയിച്ചിരുന്നുവെങ്കിലും ദേവസ്വം ഫണ്ടില്‍ നിന്നും പണം നല്‍കിയെന്ന വിവരമാണ് പുറത്തുവരുന്നത്. ആഗോള അയ്യപ്പ സംഗമത്തിന് പണം അനുവദിച്ചത് ദേവസ്വം ഫണ്ടില്‍ നിന്നാണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ദേവസ്വം ബോര്‍ഡ് അംഗം എ. അജികുമാര്‍ ഈ തുക 'റിലീജിയസ് കണ്‍വെന്‍ഷന്‍ ആന്‍ഡ് ഡിസ്‌കോഴ്‌സ്' എന്ന ഹെഡില്‍ നിന്നാണ് അനുവദിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തു.
പ്രധാനമായും നാല് റിസോര്‍ട്ടുകളിലാണ് താമസസൗകര്യം ഒരുക്കിയത്. കുമരകം ഗോകുലം ഗ്രാന്‍ഡ് റിസോര്‍ട്ടിന് 8,31,600 രൂപയും താജ് കുമരകം റിസോര്‍ട്ടിന് 3,39,840 രൂപയും പാര്‍ക്ക് റിസോര്‍ട്ടിന് 80,000 രൂപയും കെടിഡിസി ഗേറ്റ്വേ റിസോര്‍ട്ടിന് 25,000 രൂപയും അഡ്വാന്‍സായി അനുവദിച്ചിരുന്നു. ഈ തുകകള്‍ അഡ്വാന്‍സ് മാത്രമാണ് എന്നും, ബാക്കിയുണ്ടെങ്കില്‍ അത് അക്കൗണ്ടില്‍ നിന്ന് പേ ചെയ്യുമെന്നും ഉത്തരവില്‍ ദേവസ്വം കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു. സംഗമം നടക്കുന്നതിന് അഞ്ച് ദിവസം മുന്‍പാണ് പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ദേവസ്വം കമ്മീഷണര്‍ ഇറക്കിയത്. ഇതിന് പിന്നാലെ സെപ്റ്റംബര്‍ 17-ന്, പ്രതിനിധികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവുകളും പുറത്തിറങ്ങി. അയ്യപ്പ സംഗമത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഈ സൗകര്യങ്ങള്‍ നല്‍കിയിട്ടില്ലെങ്കിലും, ഒരു വിഭാഗം വിഐപി പ്രതിനിധികളുടെ താമസം വിവാദമാകുകയാണ്.