13 September, 2025 09:26:36 AM
കർണാടകയിൽ ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 8 പേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടക ഹാസനിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഹൊളെ നരസിപ്പുര ഹൊസഹള്ളിക്ക് സമീപം ആയിരുന്നു അപകടം. ബൈക്കിൽ ഇടിച്ച് ട്രക്ക് നിയന്ത്രണം വിട്ടതെന്ന് അറസ്റ്റിലായ ഡ്രൈവർ ഭുവനേഷ് പറയുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.
മരിച്ചവരുടെ പേര് വിവരങ്ങൾ വ്യക്തമല്ല. യുവാക്കളാണ് മരിച്ചവരിൽ ഏറെയും. ദേശീയപാത 373 ൽ റോഡിൽ എതിർദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കിനെ ഒഴിവാക്കാൻ ട്രക്ക് ശ്രമിക്കുന്നതിനിടെയാണ് സംഭവം. അപകടത്തിൽ ട്രക്ക് ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മറ്റ് മൂന്ന് പേർ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ 25 പേരിൽ 18 പേരെ ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (HIMS) പ്രവേശിപ്പിച്ചു. ബാക്കി ഏഴ് പേരെ വിവിധ സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.