14 February, 2019 01:11:33 PM


അനധികൃത ലൈസന്‍സ് നേടി അപകടം; പഴി എന്നും റോഡിനും - മന്ത്രി സുധാകരന്‍



കോട്ടയം: കൈക്കൂലി കൊടുത്ത് ലൈസന്‍സ് വാങ്ങുന്ന ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലം ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് എന്നും പഴി കേള്‍ക്കേണ്ടി വരുന്നത് റോഡുകളെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ആധുനികരീതിയില്‍ നവീകരിച്ച ഏറ്റുമാനൂര്‍ ഷട്ടര്‍കവല - അരുവാക്കുറിഞ്ഞി റോഡിന്‍റെ ഉദ്ഘാടനം പേരൂര്‍ കണ്ടംചിറ കവലയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റോഡ് കുണ്ടും കുഴിയുമായി കിടന്നാലും നല്ല ഉപരിതലത്തോടുകൂടി നന്നാക്കിയാലും അപകടങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ശ്രദ്ധയില്ലാതെയുള്ള ഡ്രൈംവിംഗ് മൂലമാണ്. 


റോഡ് ഗതാഗതനിയമം പരിപാലിക്കപ്പെടാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ട സമയം കഴിഞ്ഞു. മരിക്കാതെ വണ്ടിയോടിക്കാന്‍ പഠിക്കണം. വളരെ നല്ല രീതിയില്‍ നവീകരിക്കപ്പെടുന്ന റോഡുകളുടെ ഓരങ്ങള്‍ ഓട്ടോറിക്ഷാ സ്റ്റാന്‍റായും ടാക്സി സ്റ്റാന്‍റായും മറ്റും വാഹനങ്ങളുടെ വിശ്രമകേന്ദ്രങ്ങളായി മാറുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നതായി മന്ത്രി ചൂണ്ടികാട്ടി.


സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ പലതും ജനങ്ങള്‍ അറിയാതെ പോകുകയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ മാധ്യമങ്ങള്‍ പുറം തിരിഞ്ഞുനില്‍ക്കുന്നതാണ് ഇതിന് കാരണമെന്നും മന്ത്രി ചൂണ്ടികാട്ടി. സര്‍ക്കാരിന്‍റെ ആയിരം ദിനാഘോഷ പരിപാടികളോടനുബന്ധിച്ച് 10000 കോടി രൂപയുടെ 1000 പദ്ധതികളാണ് നാടിന് സമര്‍പ്പിക്കാനിരിക്കുന്നത്. ഇതിനായി ലിസ്റ്റ് എടുത്തപ്പോള്‍ 2400ലേറെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്‍റേത് മാത്രമായിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് ഇത്രയേറെ പ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പ് ചുരുങ്ങിയ കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതെന്നും മന്ത്രി ചൂണ്ടികാട്ടി.


അഡ്വ.കെ.സുരേഷ്കുറുപ്പ് എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. ജി.സുധാകരന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായശേഷം ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ റോഡുകള്‍ അസൂയാവഹമായ രീതിയില്‍ നവീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനൊന്നും അവകാശവാദം ഉന്നയിച്ച് മറ്റാരും രംഗത്ത് വരേണ്ടതില്ലെന്ന് എം.എല്‍.എ പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ ജോയ് ഊന്നുകല്ലേല്‍ മുഖ്യപ്രഭാഷണം നടത്തി. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K