10 January, 2019 08:32:10 PM
പ്രധാനമന്ത്രിയെത്തുന്നു; നവീകരിച്ച എം.സി.റോഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ചടങ്ങ് മാറ്റിവെച്ചു

ഏറ്റുമാനൂര്‍: കൊല്ലം ബൈപാസ് ഉദ്ഘാടനത്തിനായി ജനവരി 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന സാഹചര്യത്തില്‍ അന്ന് നടത്താനിരുന്ന എം.സി.റോഡിന്‍റെ ഉദ്ഘാടനം മാറ്റിവെച്ചു. ഏറ്റുമാനൂര്‍ മുതല്‍ മൂവാറ്റുപുഴ വരെയും ചെങ്ങന്നൂര്‍ വരെയും രണ്ട് റീച്ചുകളായി നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ റോഡ് മുഖ്യമന്ത്രി നാട്ടുകാര്‍ക്ക് സമര്‍പ്പിക്കുന്ന ചടങ്ങ് 15ന് രാവിലെ 10.30ന് പട്ടിത്താനത്ത് നടത്താന്‍ നിശ്ചയിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് പരിപാടി മാറ്റിവെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിപ്പ് വന്നത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തിന് പട്ടിത്താനം ജംഗ്ഷനില്‍ സ്ഥലം കണ്ടെത്തി സ്റ്റേജ് പണിയുന്നതിനും നോട്ടീസ് അച്ചടിക്കുന്നതിനും മറ്റുമുള്ള ക്രമീകരണങ്ങല്‍ നടക്കുന്നതിനിടെയാണ് പരിപാടി മാററിവെച്ചതായി അറിയിപ്പ് വരുന്നത്. 2018 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി പണി പൂര്‍ത്തിയാക്കിയ റോഡിന്‍റെ ഉദ്ഘാടനം നടക്കുനിരുന്നത് കരാറുകാരന്‍റെ ബാധ്യതാ കാലാവധി കഴിയുവാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ്.
2002ല്‍ ഏറ്റെടുത്ത് കല്ലിട്ട സ്ഥലം റോഡ് നവീകരണത്തിനായി കരാറ്‍കാര്‍ക്ക് കൈമാറിയത് 2014ലാണ്. ഇതിനോടകം സ്ഥലം വിട്ടുകൊടുത്ത സ്വകാര്യവ്യക്തികള്‍ തന്നെ പലയിടത്തും കയ്യേറ്റം നടത്തി. ഉദ്ഘാടനസമ്മേളനം നടക്കുന്ന പട്ടിത്താനം ജംഗ്ഷനില്‍ ഉള്‍പ്പെടെ നവീകരണം നടക്കുന്നതിനിടെ തന്നെ റോഡിലേക്കിറക്കി കെട്ടിടവും മതിലും പണിതവരുമുണ്ട്. റോഡ് പണിയില്‍ ഒട്ടേറെ അപാകതകള്‍ തുടക്കം മുതലേ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ടാറിംഗ് പൂര്‍ത്തിയായ ശേഷം ഓടനിര്‍മ്മാണത്തിനും കലുങ്ക് നിര്‍മ്മാണത്തിനുമായി റോഡ് പലയിടത്തും കുത്തിപൊട്ടിച്ചു. കലുങ്കുകള്‍ പലയിടത്തും വീതി കുറച്ച് പണിതത് വീണ്ടും പൊളിച്ച് വീതി കൂട്ടി.
റോഡിന് സ്ഥലം ഏറ്റെടുത്തതിലെ അപാകത റോഡിന്‍റെ പല ഭാഗത്തും വീതി കുറയാന്‍ കാരണമായി. വളവുകള്‍ ശരിയാം വണ്ണം നിവര്‍ക്കാത്തത് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായി. പലയിടത്തും പല വട്ടം റോഡ് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തത് സ്വകാര്യവ്യക്തികളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും താല്‍പര്യം സംരക്ഷിക്കാനാണെന്നുള്ള പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. കലുങ്ക് പണിയുടെ അശാസ്ത്രീയത മൂലം ചെറിയ മഴയ്ക്കു പോലും വെള്ളകെട്ട് സ്ഥിരം കാഴ്ചയായി. ഓട നിര്‍മ്മാണത്തിലും വന്‍ പാകപിഴകളാണ് സംഭവിച്ചത്. നവീകരണജോലികള്‍ പൂര്‍ത്തിയാക്കി ഒരു വര്‍ഷം ആകും മുമ്പേ റോഡ് മുഴുവന്‍ കുഴികള്‍ ആയ അവസ്ഥയിലായിരുന്നു ഉദ്ഘാടനം തീരുമാനിച്ചത്. ഇതോടെ കുഴികള്‍ അടയ്ക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ക്ക് ഉദ്യോഗസ്ഥര്‍ നെട്ടോട്ടം ഓടുകയായിരുന്നു.
Share this News Now:
Like(s): 6.3K