07 September, 2025 11:35:51 AM
നിയമലംഘിച്ച് രാത്രി കുതിര സവാരി; കൊച്ചിയിൽ കാറിടിച്ച് പരിക്കേറ്റ കുതിര ചത്തു, കേസ്

കൊച്ചി: ചേരാനെല്ലൂരിൽ കണ്ടെയ്നർ ടെർമിനൽ റോഡിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ കുതിര ചത്തു. കഴിഞ്ഞ ദിവസം രാത്രി അശ്രദ്ധമായ കുതിരസവാരിക്കിടെയാണ് അപകടം സംഭവിച്ചത്. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കുതിരയെ രണ്ടുമണിക്കൂറോളം റോഡിൽ കിടന്ന ശേഷം മണ്ണുത്തിയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഫത്തഹുദ്ദീൻ എന്നയാളാണ് അപകടസമയത്ത് കുതിരപ്പുറത്തുണ്ടായിരുന്നത്. റിഫ്ലക്ടർ ലൈറ്റുകൾ ഇല്ലാതെ നിയമം ലംഘിച്ചുള്ള സവാരിയാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാറോടിച്ച ആൾക്കും പരിക്കുകളുണ്ട്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ഫത്തഹുദ്ദീനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അശ്രദ്ധമായി വാഹനമോടിച്ചതിനും നിയമലംഘനം നടത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.