10 January, 2019 11:05:14 AM
സി. ലൂസി കളപ്പുരയ്ക്കെതിരെ ലേഖനം; ബ്രഹ്മചാരികളല്ലാത്ത പുരോഹിതകള്‍ക്കെതിരെ നടപടി എടുക്കട്ടെയെന്ന് സിസ്റ്റര്‍
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിന് നടപടി നേരിടുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയെ വിമര്‍ശിച്ച് ദീപികയില്‍ ലേഖനം. സന്യാസ വ്രതം ലംഘിച്ച് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് സഭക്ക് ദുഷ്പേരുണ്ടാക്കിയെന്നാണ് വിമര്‍ശനം.
കന്യാസ്ത്രീ സമരത്തില്‍ പങ്കെടുക്കുകയും പുസ്തകം പ്രസിദ്ധികരിക്കുകയും ചുരിദാര്‍ ധരിക്കുകയും ചെയ്തതിലൂടെ സിസ്റ്റര്‍ ലൂസി കളപ്പുര അച്ചടക്ക ലംഘനം നടത്തിയെന്നാണ് ലേഖനത്തില്‍ പറയുന്നത്. തിരുത്തലുകള്‍ നടത്തിയിട്ടും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്ന സിസ്റ്റര്‍ സന്യാസവൃതങ്ങള്‍ ലംഘിച്ചു. പുരോഹിതന്‍മാരെ പോലെ ജിവിക്കാന്‍ കന്യസ്ത്രികള്‍ക്ക് ആകില്ലെന്നും അത് വൃതങ്ങളുടെ ലംഘനമാണെന്നും പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്. മാനന്തവാടി രൂപത പിആര്‍ഓ ആയ നോബില്‍ പാറക്കലിന്‍റെ പേരിലാണ് ലേഖനം.
എന്നാല്‍ ബ്രഹ്മചാരികളല്ലാത്ത പുരോഹിതകള്‍ക്കെതിരെ ആദ്യം നടപടിയെടുക്കട്ടെയെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പ്രതികരണം. സഭയിലെ പുരുഷമേധാവിത്വത്തിനും ചൂഷണത്തിനുമെതിരെ ശക്തമായ പോരാട്ടം ഇനിയും നടത്തുമെന്ന നിലപാടിലാണ് ലൂസി കളപ്പുര. ലേഖനമെഴുതിയ നോബിള്‍ പാറക്കന്‍ സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപെടുത്തുന്ന ആളാണെന്നും ഇതു തുടര്‍ന്നാല്‍ വീണ്ടും പോലീസിനെ സമിപിക്കുമെന്നും സിസ്റ്റര്‍ കൂട്ടിചേര്‍ക്കുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതിന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന് കഴിഞ്ഞ ദിവസം മദർ ജനറൽ കാരണം കാണിക്കൽ നോട്ടീസ് നല്‍കിയിരുന്നു. സിസ്റ്റര്‍ പുതിയ കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധീകരിച്ചതും അനുമതി ഇല്ലാതെയാണെന്നും അധികൃതര്‍. വിശദീകരണം തൃപ്തികരം അല്ലെങ്കിൽ കാനോനിക നിയമം അനുസരിച്ച് നടപടി ഉണ്ടാകുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.