08 January, 2019 11:10:03 AM


കുടുംബവിസയിൽനിന്ന്​ തൊഴിൽവിസയിലേക്കുള്ള​ മാറ്റം നിർത്തിവെക്കാൻ കുവൈത്ത് ഒരുങ്ങുന്നു



കുവൈറ്റ് സിറ്റി: കുടുംബവിസയിൽനിന്ന്​ തൊഴിൽവിസയിലേക്ക്​ മാറ്റം അനുവദിക്കുന്നത്​ നിർത്തിവെക്കാൻ കുവൈത്ത് ഒരുങ്ങുന്നു. മാൻപവർ അതോറിറ്റി ഇതിനായുള്ള നടപടി ആരംഭിച്ചു. അധികൃതരെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് ആണ് വാർത്ത പുറത്ത് വിട്ടത്. വിദേശികൾ ഇഖാമ സ്റ്റാറ്റസ് മാറ്റുന്നത് തടയുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കുവൈത്തിന്റെ പുതിയ നീക്കം. അവിദഗ്ദ തൊഴിലാളികളുടെ എണ്ണം കൂടുന്നത് തടയാൻ കൂടിയാണ് അധികൃതർ ഇതിലൂടെ ലക്ഷ്യമിടുന്നത്.


കുടുംബ വിസയിൽനിന്ന് സ്വകാര്യ മേഖലയിലെ തൊഴിൽവിസയിലേക്ക് മാറ്റം വാങ്ങിയ ശേഷം ഹോം ഡെലിവറി സർവിസ് ഉൾപ്പെടെ ലൈസൻസില്ലാതെ വാണിജ്യപ്രവർത്തനങ്ങൾ നടത്തുന്നതായി നിലവിൽ ആക്ഷേപമുണ്ട്. ജനസംഖ്യ സന്തുലനം സാധ്യമാക്കുന്ന തരത്തിൽ തൊഴിൽ വിപണിയിൽ ക്രമീകരണം വരുത്തുകയെന്ന ലക്ഷ്യത്തോടെ സ്വകാര്യ  കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന വിദേശികളുടെ വിസമാറ്റവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവുകൾ അടുത്തുതന്നെ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്​. വിസ കച്ചവടക്കാരുടെയും  ഊഹ കമ്പനികളുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പര്യാപ്തമായ നിയന്ത്രണങ്ങളാണ് ഉണ്ടാവുക. കുവൈത്തിൽ പുതുതായി എത്തുന്നവർക്ക് മൂന്നുവർഷത്തേക്ക്​ വിസ മാറ്റം വിലക്കുന്നതും പരിഗണനയിലുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K