03 July, 2017 10:46:49 PM


ഇരയായ നടിയുടെ പേര് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ് : അജു വര്‍ഗീസിനെതിരെ കേസ്




കൊച്ചി: മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ നടിയുടെ പേര് പറഞ്ഞ നടന്‍ അജു വര്‍ഗീസിനെതിരെ കേസെടുത്തു. സമാനമായ സംഭവത്തില്‍ കേസില്‍ പെടുന്ന രണ്ടാമത്തെ ആളാണ് അജു വര്‍ഗീസ്. നേരത്തെ സംവിധായകനും തിരക്കഥാകൃത്തുമായ എസ്‌എന്‍ സ്വാമിക്കെതിരെ കളമശ്ശേരി പോലീസ് കേസെടുത്തിരുന്നു.


എറണാകുളം കളമശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് അജു വര്‍ഗീസിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നു എന്നാരോപിച്ച്‌ എഴുതിയ പോസ്റ്റിലാണ് അജു വര്‍ഗീസ് നടിയുടെ പേര് പറഞ്ഞത്.


തെറ്റ് മനസിലാക്കിയ നടന്‍ പോസ്റ്റ് എഡിറ്റ് ചെയ്തെങ്കിലും അപ്പോഴേക്കും പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചു. തുടര്‍ന്ന് നടിയുടെ പേര് പറഞ്ഞത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ് എഡിറ്റ് ചെയ്യുന്നതായി അജു വര്‍ഗീസ് മറ്റൊരു പോസ്റ്റില്‍ പറയുകയും ചെയ്തു. ഈ പോസ്റ്റില്‍ താരം നടിയോട് പരസ്യമായി മാപ്പ് പറയുകയും ചെയ്തു.


പീഡനത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തി എന്ന് കാണിച്ചാണ് അജു വര്‍ഗീസിനും എസ് എന്‍ സ്വാമിക്കും എതിരെ ഗിരീഷ് ബാബു പരാതി നല്‍കിയത്. പീഡിപ്പിക്കപ്പെട്ട ഇരയുടെ പേര് വെളിപ്പെടുത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് കടന്ന സാഹചര്യത്തിലാണ് ഇതിനോട് അനുബന്ധിച്ച്‌ പുതിയ വെളിപ്പെടുത്തലുകളും കേസുകളും ഉണ്ടായിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K