28 August, 2026 01:09:15 PM


ആറന്മുള ഉത്രട്ടാതി ജലമേള ആഗസ്റ്റ് 30ന്; ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും



പത്തനംതിട്ട: ചരിത്രപ്രസിദ്ധമായആറന്മുള ഉത്രട്ടാതി ജലമേള ആഗസ്റ്റ് 30 ന്. ഉച്ചക്ക് 1.30 ന് ഇന്ത്യൻ വൈസ് പ്രസിഡൻ്റ് സി പി രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, പത്തനംതിട്ട എം. പി ആൻ്റോ ആൻ്റണി, ആറന്മുള എം എൽ എ അബിൻ വർക്കി എന്നിവർ പങ്കെടുക്കും.

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ,കൊടിക്കുന്നിൽ സുരേഷ് എം പി, എം എൽ എ മാരായ പഴകുളം മധു, വർഗീസ് മാമൻ, സജി ചെറിയാൻ, സി വി ശാന്തകുമാർ, ജെനീഷ് കുമാർ, എം എസ് അരുൺ കുമാർ, ഗോപകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ദീനാമ്മ റോയ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് അനീഷ് വരിക്കണ്ണാമല, പ്രൊഫസർ പി ജെ കുര്യൻ, മുൻ എംഎൽഎമാരായ വീണ ജോർജ്, അഡ്വക്കേറ്റ് കെ ശിവദാസൻ നായർ, രാജു എബ്രഹാം, രാജഗോപാൽ, മാലേത്ത് സരളദേവി, ചെങ്ങന്നൂർ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ആർ അജിത് കുമാർ, എസ്‌എൻഡിപി കോഴഞ്ചേരി താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ആർ അജിത് കുമാർ, എസ്‌എൻഡിപി കോഴഞ്ചേരി താലൂക്ക് യൂണിയൻ പ്രസിഡൻ്റ് മോഹൻ ബാബു തുടങ്ങി അനേകം ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും സംബന്ധിക്കുന്നുണ്ട്. 

ചടങ്ങുകളുടെ ഭാഗമായി രാവിലെ 9.30-ന് ക്ഷേത്ര ശ്രീകോവിലിൽ നിന്നുള്ള ദീപം വാദ്യമേളങ്ങളോടെ സത്ര പവലിയനിൽ എത്തിക്കുകയും തുടർന്ന് ജില്ലാ കളക്ടർ നിസാമുദ്ദീൻ പതാക ഉയർത്തുകയും ചെയ്യും. ഉച്ചയ്ക്ക് 1.30-ന് തിരുവാണോണി പരപ്പുഴ കടവിലേക്ക് നീങ്ങുന്നതോടെ ജലഘോഷയാത്രയ്ക്ക് തുടക്കമാകും. തുടർന്ന് എ, ബി ബാച്ചുകളിലായി പള്ളിയോടങ്ങൾ വഞ്ചിപ്പാട്ടിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പവലിയന് മുന്നിലൂടെ കടന്നുപോകും. കേരളീയ കലകൾ ഉൾക്കൊള്ളുന്ന നിശ്ചലദൃശ്യങ്ങളും ഹെലികോപ്റ്റർ പ്രകടനവും ഉണ്ടായിരിക്കും. തുടർന്ന് വൈകിട്ട് 3.00 മണിക്ക് മത്സര വള്ളംകളി ആരംഭിക്കും.

ആകെ 51 പള്ളിയോടങ്ങൾ (എ ബാച്ചിൽ 35, ബി ബാച്ചിൽ 16) മത്സരത്തിൽ പങ്കെടുക്കും. ഡിജിറ്റൽ സംവിധാനം വഴി സമയം തിട്ടപ്പെടുത്തി ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഫിനിഷ് ചെയ്യുന്ന മികച്ച 4 പള്ളിയോടങ്ങളെ ഫൈനലിലേക്ക് തിരഞ്ഞെടുക്കും. കൂലി തുഴച്ചിലുകാരെ ഉൾപ്പെടുത്തുന്ന പള്ളിയോടങ്ങളെ മത്സരത്തിൽ നിന്ന് ഒഴിവാക്കും. സുരക്ഷയ്ക്കായി ഫയർഫോഴ്സ് സ്ക്യൂബ സംഘം, സ്പീഡ് ബോട്ടുകൾ, മുങ്ങൽ വിദഗ്ദ്ധർ എന്നിവരെ വിന്യസിപ്പിച്ചിട്ടുണ്ട്. എ, ബി ബാച്ചുകളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് മന്നം ട്രോഫിയും, മികച്ച രീതിയിൽ പാടി തുഴയുന്നവർക്ക് ആർ. ശങ്കർ മെമ്മോറിയൽ ട്രോഫിയും നൽകും.

പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 4-ന് ക്ഷേത്രമുറ്റത്ത് നടക്കും. അരലക്ഷത്തോളം പേർ പങ്കെടുക്കുന്ന സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 16 വരെ നീളുന്ന വള്ളസദ്യകൾക്കായി ഇതുവരെ 565 ബുക്കിംഗുകൾ ലഭിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ പള്ളിയോട സേവ സംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡന്റ് കെ.എസ്. സുരേഷ്, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, പബ്ലിസിറ്റി കൺവീനർ വിജയകുമാർ ചുങ്കത്തിൽ തുടങ്ങിയവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927