03 June, 2017 05:44:17 AM
നടി രാഖി സാവന്തിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
ലുധിയാന: രാമായണം രചിച്ച വാൽമീകിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്നു ചൂണ്ടിക്കാട്ടി ബോളിവുഡ് നടി രാഖി സാവന്തിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരിൽ ഇത് രണ്ടാം തവണയാണ് രാഖി സാവന്തിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നത്.
വാൽമീകിക്കെതിരായ പരാമർശത്തിന്റെ പേരിൽ മാർച്ച് ഒന്പതിനു രാഖിയോടു കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അനുസരിക്കാതിരുന്നതിനെ തുടർന്നാണ് ആദ്യ വാറന്റ് പുറപ്പെടുവിച്ചത്. വാൽമീകിയുടെയും ഗായകൻ മിക്ക സിംഗിന്റെയും സ്വഭാവ പരിവർത്തനം സംബന്ധിച്ച താരതമ്യമാണ് നടിയെ വിവാദത്തിലകപ്പെടുത്തിയത്. നടിയുടെ പ്രസ്താവനയ്ക്കെതിരേ വാൽമീകി സമുദായം രംഗത്തെത്തിയിരുന്നു.
ഇതിനു മുമ്പും ഒട്ടേറെ വിവാദങ്ങളില്‍ നടി ചെന്നു ചാടിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങളോടുകൂടിയ വസ്ത്രം ധരിച്ച് ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട രാഖി സാവന്തിന്റെ ചിത്രങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.