19 January, 2016 05:40:31 PM


ഗര്‍ഭിണികളിലെ പ്രമേഹം : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍



നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ അപകടമാണ്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കുക എന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ അത്യന്താപേക്ഷിതമാണ്. ഗര്‍ഭകാലത്തെ പ്രമേഹ ചികിത്സ എന്നത് ഒരു ഫിസിഷ്യന്‍റെയും ഗൈനക്കോളജിസ്റ്റിന്‍റെയും കൂട്ടുത്തരവാദിത്വമാണ്. പ്രസവശേഷം ഒരു ശിശുരോഗവിദഗ്ദന്‍റെ സേവനം കുട്ടിയ്ക്കും ആവശ്യമാണ്.

സാധാരണ ഗര്‍ഭിണികളിലെ പഞ്ചസാരയുടെ അളവ് ഭക്ഷണത്തിന് മുമ്പ് 90 ഉം ഭക്ഷണശേഷം 120 ഉം ആണ്. അതുപോലെ തന്നെ പ്രമേഹ ബാധിതരിലും രക്തത്തിലെ അളവ് ഏറെക്കുറെ ഇതിന് സമാനമായി നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. 

ഗര്‍ഭിണിയാകുന്നതിന് മുമ്പേ പ്രമേഹബാധിതയാണെങ്കില്‍ ഗര്‍ഭധാരണത്തിന് മുമ്പ് തന്നെ പ്രമേഹം നിയന്ത്രണവിധേയമാക്കേണ്ടത് ഗര്‍ഭസ്ഥ ശിശുവിന് അംഗവൈകല്യം വരാതിരിക്കാന്‍ അത്യാവശ്യമാണ്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഗുളികകള്‍ ഒഴിവാക്കി ഇന്‍സുലിന്‍ ഉപയോഗിച്ച് പ്രമേഹം നിയന്ത്രണ വിധേയമാക്കാം.

ഭക്ഷണ നിയന്ത്രണം ഗര്‍ഭിണികളിലെ പ്രമേഹം നിയന്ത്രിക്കാന്‍ അനിവാര്യമായ ഘടകമാണ്. ഒറ്റയിരിപ്പിന് കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിന് പകരം കുറേശെയായി പലതവണ ആഹാരം കഴിക്കുന്നത് പ്രമേഹം കുതിച്ചുയരുന്നത് തടയാന്‍ സാധിക്കും.

ഭക്ഷണനിയന്ത്രണം കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് ഇന്‍സുലിന്‍ ചികിത്സ തുടങ്ങുന്നത്. 

ഗര്‍ഭിണികള്‍ ഗ്ലൂക്കോമീറ്ററിന്‍റെയോ മറ്റോ സഹായത്താല്‍ വീട്ടില്‍ തന്നെ കൂടെക്കൂടെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നത് ഇന്‍സുലിന്‍റെ അളവ് ക്രമീകരിക്കാനും പ്രമേഹം നിയന്ത്രണത്തിലാക്കാനും വളരെയധികം സഹായിക്കും. 

പ്രമേഹനിയന്ത്രണത്തിന് പുറമെ ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ച, അംഗവൈകല്യത്തിനുള്ള സാധ്യത‌കള്‍, എന്നിവയില്‍ പ്രത്യേക ശ്രദ്ധ വേണം. അതുപോലെ അമ്മമാരില്‍ രക്താതി സമ്മര്‍ദ്ദം, അണുബാധ, വെള്ളക്കൂടുതല്‍ തുടങ്ങിയ സങ്കീര്‍ണതകളൊന്നും ഇല്ലെന്ന് ഓരോ പ്രാവശ്യവും ഉറപ്പ് വരുത്തണം. അതുപോലെ  ഗര്‍ഭസ്ഥ ശിശുവിന് വലുപ്പക്കൂടുതലുണ്ടോ എന്നുള്ളതും വിലയിരുത്തേണ്ടതുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ അറിയുവാന്‍ അള്‍ട്രാസൗണ്ട് സ്കാന്‍, ഫീറ്റല്‍ എക്കോ തുടങ്ങിയ ടെസ്റ്റുകള്‍ സഹായിക്കും. 

പ്രമേഹബാധിതരുടെ പ്രസവവും വളരെ സങ്കീര്‍ണമായ ഒന്നാണ്. കുഞ്ഞിന്‍റെ ജീവന്‍ നിലനിര്‍ത്തുക എന്നത് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നു. അപ്രതീക്ഷിതമായി സംഭവിക്കാവുന്ന ദുരന്തങ്ങള്‍ കണക്കിലെടുത്താണ് പ്രസവം നിര്‍ണയിക്കുന്നത്. 

ഭക്ഷണം കൊണ്ട് മാത്രം പ്രമേഹം നിയന്ത്രണ വിധേയമാവുകയും മറ്റ് സങ്കീര്‍ണതകളില്ലാതിരിക്കുകയും ചെയ്താല്‍ നേരത്തെ പ്രസവിക്കേണ്ട ആവശ്യമില്ല. ഇന്‍സുലിന്‍ ഉപയോഗിക്കുന്നവരില്‍ 38 ആഴ്ചയാകുമ്പോള്‍ പ്രസവിക്കുന്നതാണ് നല്ലത്. എന്തെങ്കിലും സങ്കീര്‍ണതകള്‍ കാണുകയാണെങ്കില്‍ 38 ആഴ്ചകള്‍ക്കു മുമ്പ് തന്നെ പ്രസവിക്കേണ്ടി വരും. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിനോ അമ്മയ്ക്കോ പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ സാധാരണ പ്രസവത്തിന് ബുദ്ധിമുട്ടുണ്ടാവില്ല. സങ്കീര്‍ണതകളുണ്ടെങ്കില്‍ കുഞ്ഞിന്‍റെയും അമ്മയുടെയും രക്ഷയ്ക്ക് സിസേറിയനാണുത്തമം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.3K