08 May, 2025 08:17:18 PM
ഹോമിയോപ്പതി ദിനാചരണവും സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും

കോട്ടയം: ജില്ലാ ആയുഷ് ഹോമിയോപ്പതി വകുപ്പും നാഷണൽ ആയുഷ്മിഷനും ചേർന്ന് വാഴൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ജില്ലാതല ഹോമിയോപ്പതി ദിനാചരണം നടത്തും. ഗ്രാമപഞ്ചായത്ത് കമ്മയൂണിറ്റിഹാളിൽ മേയ് 13-ന് (ചൊവ്വാഴ്ച) രാവിലെ പത്തിന് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്യും. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലിൽ അധ്യക്ഷത വഹിക്കും. ഹോമിയോപ്പതി ദിനാചരണത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസുകളും സൗജന്യ രക്തപരിശോധന, ഫിസിയോതെറാപ്പി, സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് എന്നിവയും നടത്തും.
ആർത്തവവിരാമം - അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ ഡോ. അശ്വതി ബി.
നായരും ഹോമിയോപ്പതി വകുപ്പിന്റെ സ്പെഷ്യാലിറ്റി പ്രോജക്റ്റുകളെക്കുറിച്ച് ഡോ. അപ്പു ഗോപാലകൃഷ്ണനും ലഹരി വിരുദ്ധ ബോധവൽക്കരണത്തേക്കുറിച്ച് പൊൻകുന്നം സിവിൽ എക്സൈസ് ഓഫീസർ കെ.എ. നവാസും ക്ലാസ്സുകൾ നയിക്കും. സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് രജിസ്ട്രേഷൻ 9.30 ന് ആരംഭിക്കും.
ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.എൻ. ഗിരീഷ് കുമാർ, ജെസ്സി ഷാജൻ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എം. ജോൺ, രഞ്ജിനി ബേബി, വാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സേതുലക്ഷ്മി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ശ്രീകാന്ത് പി. തങ്കച്ചൻ, ശോശാമ്മ, ജിജി ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സുബിൻ നെടുംപുറം, ഓമന അരവിന്ദാക്ഷൻ, വി.പി. റെജി, പ്രൊഫ.എസ്. പുഷ്‌കലാദേവി, നിഷ രാജേഷ്, സൗദ ഇസ്മായിൽ, ഡെൽമ ജോർജ്ജ്, ഷാനിദ അഷറഫ്, എസ്. അജിത്കുമാർ, സിന്ധു ചന്ദ്രൻ, ജിജി പൊടിപാറയ്ക്കൽ, സി.ഡി.എസ്. ചെയർപേഴ്സൺ സ്മിത ബിജു, നാഷണൽ ആയുഷ്മിഷൻ ഡി.പി.എം. ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. സാജൻ ചെറിയാൻ, പാലാ ജനറൽ ആശുപത്രി ആർ.എം.ഒ. ഡോ. നീന റോഷ്നി ഫിഗരെദോ, മൈലാടിക്കര ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.ടി.ആർ. അനശ്വര എന്നിവർ പങ്കെടുക്കും.