24 December, 2016 04:01:09 PM
റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം ദംഗല്‍ ഫേസ്ബുക്കില്‍; മൂന്നര ലക്ഷം പേര്‍ കണ്ടു
മുംബൈ: പുരുഷാധിപത്യം നിറഞ്ഞുനില്‍ക്കുന്ന ഗുസ്തി മേഖലയിലേക്ക് പെണ്‍മക്കളെ ഇറക്കിവിടുന്ന അച്ഛന്റെ കഥപറയുന്ന ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍ റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യപ്പെട്ടു. ക്രിസ്മസ് റിലീസായി വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്.
ദംഗലിന്റെ പൂര്‍ണ രൂപമാണ് ഹാഷിം അഹ് എന്ന ഉപഭോക്താവ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. മൂന്നര ലക്ഷത്തിലധികം പേര്‍ ഇതിനകം വീഡിയോ കണ്ടു കഴിഞ്ഞു. പതിനെട്ടായിരം പേര്‍ ഡൗണ്‍ലോഡ് ചെയ്യുകയുമുണ്ടായി. വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട്. പാക്കിസ്ഥാനില്‍ നിന്നുമാണ് ദംഗലിന്റെ മുഴുനീള പതിപ്പ് അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത് എന്നാണ് പ്രാഥമിക സൂചന.
ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി അയ്യായിരത്തോളം സ്ക്രീനുകളിലാണ് ദംഗല്‍ റിലീസ് ചെയ്തിരിക്കുന്നത്. റിലീസിംഗിനു മുമ്ബേ ചിത്രം മുടക്കമുതല്‍ തിരിച്ചുപിടിച്ചിരുന്നു. ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന സാറ്റ്ലൈറ്റ് റേറ്റ് നേടിയാണ് ദംഗല്‍ റിലീസിന് മുമ്ബുതന്നെ മുടക്ക് മുതല്‍ തിരിച്ച് പിടിച്ചിരിക്കുന്നത്. 70 കോടി മുടക്ക് മുതല്‍ കണക്കാക്കുന്ന ചിത്രത്തിന്റെ സാറ്റ്ലൈറ്റ് റൈറ്റ് വിറ്റുപോയിരിക്കുന്നത് 75 കോടിക്കാണ്. സീ ടിവിയാണ് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്.
നിതേഷ് തിവാരി സംവിധാനം ചെയ്ത് ആമിര്‍ ഖാന്‍ കേന്ദ്രവേഷം കൈകാര്യം ചെയ്യുന്ന ദംഗലിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തിയേറ്ററുകളില്‍ എത്തി മണിക്കൂറുകള്‍ക്കകം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മഹാവീര്‍ ഫോഗട്ടിന്റെ മക്കളായ ഗീത ഫോഗട്ട്, ബബിത കുമാരി എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ശബാന ആസ്മിയും കരണ്‍ ജോഹറുമാണ് ചിത്രം കണ്ട് ആദ്യം അഭിപ്രായം പറഞ്ഞ രണ്ടുപേര്‍. ദംഗലിന് മുന്നേ ഗുസ്തി പശ്ചാത്തലമാക്കിയ സുല്‍ത്താന്‍ എന്ന ചിത്രവുമായെത്തി ചരിത്രം തീര്‍ത്ത താരമാണ് മസില്‍മാന്‍ സല്‍മാന്‍ ഖാന്‍. എന്നാല്‍ ദംഗല്‍ സുല്‍ത്താനേയും കടത്തിവെട്ടുമെന്ന വിവരങ്ങളാണ് തുടക്കത്തില്‍ ലഭിക്കുന്നത്.