16 December, 2016 01:00:55 PM


ഫ്ലാറ്റ് തട്ടിപ്പ് കേസ്: നടി ധന്യ മേരി വര്‍ഗീസും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയില്‍



തിരുവനന്തപുരം: ഫ്ലാറ്റ് തട്ടിപ്പു കേസില്‍ നടി ധന്യാ മേരി വര്‍ഗീസ് പൊലീസ് കസ്റ്റഡിയില്‍. ഫ്ലാറ്റ് നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്തു പലരില്‍നിന്നു പണം തട്ടിയെന്നാണു കേസ്. ധന്യയുടെ ഭര്‍തൃപിതാവിന്‍റെ കമ്പനിയുടെ പേരിലാണ് തട്ടിപ്പു നടന്നത്. മ്യൂസിയം, കന്റോണ്‍മെന്‍റ്, പേരൂര്‍ക്കട പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കുകയായിരുന്നു.



ധന്യയുടെ ഭര്‍തൃപിതാവ് ജേക്കബ് സാംസണ്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഭര്‍ത്താവ് ജോണ്‍ ജേക്കബിനെയും ഭര്‍തൃസഹോദരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ പേരിലാണ് പണം തട്ടിയത്.




2011ല്‍ മരപ്പാലത്ത് നോവ കാസില്‍ എന്ന ഫ്ളാറ്റ് നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞു പലരില്‍ നിന്നായി ഇവര്‍ അഡ്വാന്‍സ് തുക കൈപ്പറ്റി. 40 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് ഇവര്‍ പലരില്‍ നിന്നായി വാങ്ങിയത്. പണി പൂര്‍ത്തിയാക്കി 2014 ഡിസംബറില്‍ ഫ്ളാറ്റ് കൈമാറാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പറഞ്ഞ തീയതി കഴിഞ്ഞിട്ടും ഫ്ളാറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്നു പണം നല്‍കിയവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ഭര്‍തൃപിതാവിന്‍റെ കമ്പനിയില്‍ ഫ്ളാറ്റുകളുടെ സെയില്‍സ് വിഭാഗത്തിലായിരുന്നു ധന്യ മേരി വര്‍ഗീസ് പ്രവര്‍ത്തിച്ചിരുന്നത്. ചലച്ചിത്ര താരമെന്ന ഇമേജ് ഉപയോഗിച്ചു ധന്യ തട്ടിപ്പിനു കൂട്ടു നിന്നതായും പരാതിക്കാര്‍ ആരോപിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K