08 August, 2026 11:31:05 AM


അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല



തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ വെടിവെയ്ക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോയെന്നും അത്തരമൊരു ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 'പൊലീസിന് ഒരു രീതി ഉണ്ടല്ലോ. ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോ? അങ്ങനെ ഒരു ഉത്തരവിനെക്കുറിച്ച് അറിയില്ല. ഗൗരവത്തില്‍ കാണുന്നില്ല. അതൊന്നും വലിയ കാര്യമല്ല', രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം അര്‍ജുന്‍ ആയങ്കിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ആലുവ റൂറല്‍ എസ്പി കെ എസ് സുദര്‍ശന്‍ രൂപീകരിച്ച 10 അംഗ സ്‌ക്വാഡില്‍ മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് ആണ് അന്വേഷഷണത്തിന്റെ മേല്‍നോട്ടച്ചുമതല.

അതേസമയം അര്‍ജുന്‍ ആയങ്കിക്കെതിരെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് ആലുവ സൈബര്‍ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് എഫ്‌ഐആര്‍. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ ഫേസ്ബുക്കില്‍ വെല്ലുവിളി പോസ്റ്റിട്ടതിലും നേരത്തെ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തിരുന്നു. കണ്ണൂര്‍ സൈബര്‍ പൊലീസാണ് കേസെടുത്തത്. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നല്‍കിയ പരാതിയിലായിരുന്നു നടപടി. കാലാപാഹ്വനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K