21 May, 2026 10:21:35 AM
എംഎൽഎമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു; സ്‌പീക്കർ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടങ്ങി. രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങിയത്. പ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ് എന്നിങ്ങനെയായിരുന്നു ജി സുധാകരൻ സഭയെ അഭിസംബോധന ചെയ്തത്.
രണ്ടാമതായി പാറക്കൽ അബ്ദുല്ലയും മൂന്നാമതായി കെ എം അഭിജിത്തുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മൂവരും ദൈവനാമത്തിലാണ് സത്യപ്രതിജ്‍ഞ ചെയ്തത്. കെകെ ആബിദ് ഹുസൈൻ തങ്ങൾ, അബിൻ വർക്കി എന്നിവരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ പുനലൂർ എംഎൽഎ സി അജയപ്രസാദ്, ഒഎസ് അംബിക, ജിആർ അനിൽ എന്നിവർ സഗൗരവവും സത്യപ്രതിജ്ഞ ചെയ്തു. ഒഎസ് അംബികയാണ് സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത. സത്യവാചകത്തിന് അവസാനം ആലുവാക്കാർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് അൻവർ സാദത്ത് പറഞ്ഞു. എംഎസ് അരുൺ കുമാറും സഗൗരവം പ്രതിജ്ഞ ചെയ്തപ്പോൾ കന്നട ഭാഷയിലാണ് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് സത്യപ്രതിജ്ഞ ചെയ്തത്.
വി.ഇ. അബ്ദുൾ ഗഫൂർ, പാറക്കൽ അബ്‌ദുള്ള, ബിന്ദു കൃഷ്ണ തുടങ്ങിയവർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ, സി. അജയ് പ്രസാദ്, എൻ.കെ. അക്ബർ, ഒ.എസ്. അംബിക, വി.ടി. ബൽറാം, കെ.എൻ. ബാലഗോപാൽ തുടങ്ങിയവർ സഗൗരം സത്യപ്രതിജ്ഞ ചെയ്തു. ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാത്ത യുഡിഎഫ് നിരയിലെ ആദ്യ എംഎൽഎയായി വി.ടി. ബൽറാം. ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ടീ ഷർട്ട് ധരിച്ചാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്.
നാളെയാണ് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്ന് മുതൽ മൂന്ന് വരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ മേലുള്ള ചർച്ചകൾ നടക്കും. അഞ്ചിന് സമ്പൂർണ ബജറ്റ് അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഈ സഭാ സമ്മേളനത്തിൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി പൊതുജനത്തെ അറിയിക്കാൻ ധവളപത്രവും ഇറക്കുന്നുണ്ട്.







