04 January, 2026 07:30:05 PM


കടാതി പള്ളിയിൽ കതിന പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്



മൂവാറ്റുപുഴ: മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാകോബായ സുറിയാനി പള്ളിയിൽ വെടിമരുന്നിന് തീപിടിച്ച് ഉണ്ടായ സ്ഫോടനത്തെ തുടർന്ന് ഒരാൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പള്ളി വികാരിക്കും ട്രസ്റ്റികൾക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തു.

സുരക്ഷാ വീഴ്ച വരുത്തിയതിനും സ്ഫോടകവസ്തു നിയമ ലംഘന പ്രകാരവുമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പള്ളി വികാരി ഫാ. ബിജു വർക്കി, പള്ളി ട്രസ്റ്റിമാരായ സാബു പോൾ, സി.എം. എൽദോ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

പള്ളിയിൽ പെരുന്നാൾ ആഘോഷങ്ങൾ നടന്നുവരവെ ഇന്ന് രാവിലെ ആചാരവെടി ഉണ്ടായിരുന്നു, ഇതിനായി പള്ളിയോട് ചേർന്ന കെട്ടിടത്തിൽ പടക്കങ്ങൾ സൂക്ഷിച്ച സ്ഥലത്തിരുന്ന് കതിന നിറയ്ക്കുകയായിരുന്നു ജെയിംസും രവിയും. ഇതിനിടെയാണ് അപകടം ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ രവി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.

ഗുരുതരമായി പരുക്കേറ്റ ജെയിംസിനെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കെട്ടിടം തകർന്നു. ഇതോടെ പള്ളിയിലെ പെരുന്നാൾ ചടങ്ങുകൾ വെട്ടിക്കുറച്ചു. മരിച്ച രവിയുടെ കുടുംബത്തിന് ചർച്ച് ഒരു ലക്ഷം രൂപ നൽകും. ജെയിംസിന്റെ ചികിത്സാ ചെലവ് പൂർണമായും പള്ളി ഏറ്റെടുക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K