03 January, 2026 09:37:33 PM
"പ്രതിപക്ഷനേതാവ്": ഇല്ലാത്ത പദവി സ്വയം അലങ്കരിച്ച് തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ
പി.എം. മുകുന്ദൻ

തൃശൂർ: കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ "പ്രതിപക്ഷനേതാവ്" എന്ന ഇല്ലാത്ത പദവിയുടെ പേരിൽ കൗൺസിലർമാർ ജനങ്ങളെ വഞ്ചിക്കുന്ന പ്രവണത തുടരുന്നു. കേരള പഞ്ചായത്ത്‌രാജ് ആക്റ്റ്, കേരള മുനിസിപ്പാലിറ്റി ആക്ട‌് എന്നിവയിൽ പ്രതിപക്ഷനേതാവ് എന്ന പദവിയെയോ, അംഗങ്ങളുടെ കാര്യത്തിൽ ഭരണപക്ഷം, പ്രതിപക്ഷം എന്നിങ്ങനെ തരംതിരിവിനെയോ സംബന്ധിച്ച് പരാമർശം ഇല്ല. ഈ സാഹചര്യത്തിൽ ഏതെങ്കിലും ഒരു കൗൺസിലർ സ്വയം ആ പദവി അലങ്കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്താൽ അതിന് എതിരായി ഭരണപരവും നിയമപരവും രാഷ്ട്രീയവുമായ നടപടികൾ സ്വീകരിക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പ്രതിപക്ഷേനേതാവ് എന്ന പദവി നിർത്തലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള ഹർജിയിൽ തദ്ദേശസ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്‌സ്‌മാൻ 21/01/2009-ൽ പുറപ്പെടുവിച്ച ഉത്തരവിൽ പ്രതിപക്ഷ നേതാവിൻ്റെ പദവി സംബന്ധിച്ച് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനും വേണ്ടത്ര പ്രചാരണം നൽകുവാനും സർക്കാരിന് നിർദ്ദേശം നല്കിയിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിയമസാധുത ഇല്ലാത്ത പ്രതിപക്ഷ നേതാവ് എന്ന പദവിയിൽ ഏതെങ്കിലും അംഗത്തിന് പ്രത്യേക സൗകര്യമോ ആനുകൂല്യങ്ങളോ അനുവദിക്കാൻ പാടില്ല എന്നും അത്തരം ഏതെങ്കിലും പ്രത്യേക സൗകര്യമോ ആനുകൂല്യമോ നൽകി വരുന്നുണ്ടെങ്കിൽ അവ ഉടനടി നിർത്തലാക്കണമെന്നും സർക്കാർ 2011ൽ ഉത്തരവ് ഇറക്കിയിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാർ ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണെന്നും അന്ന് സർക്കാരിനുവേണ്ടി അഡീഷണൽ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ഒപ്പുവെച്ച ഉത്തരവിൽ സൂചിപ്പിക്കുന്നു.
ഇന്നും നിലനിൽക്കുന്ന ഈ ഉത്തരവിന് വിരുദ്ധമായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പ്രവർത്തിക്കുകയാണെങ്കിൽ നടപടികൾ സ്വീകരിക്കാമെന്നും വിദഗ്ധർ പറയുന്നു. വിവിധ സ്ഥിരം സമിതി അംഗങ്ങളായും മറ്റും രാഷ്ട്രീയകക്ഷി ഭേദമെന്യേ എല്ലാ ജനപ്രതിനിധികളും ഭരണചക്രം തിരിക്കുന്നതിൻ്റെ ഭാഗമാകുമ്പോൾ ഇവിടെ ഭരണപക്ഷമെന്നും പ്രതിപക്ഷമെന്നുമുള്ള വേർതിരിവ് ഇല്ലാതാകുന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നഗരസഭാ ചെയർപേഴ്സൺ / മേയർ വഴിയും പഞ്ചായത്ത് പ്രസിഡൻ്റ് മുഖേനയും അത്തരം പദവി ഉപയോഗിക്കരുതെന്ന് കൗൺസിൽ യോഗത്തിൽ റൂളിംഗ് നൽകാം. ആവർത്തിച്ചാൽ യോഗശിഷ്ടം ലംഘിച്ചതിന് മുന്നറിയിപ്പ് നൽകാം. ഭൂരിപക്ഷം അംഗങ്ങൾ ചേർന്ന് "നഗരസഭയിൽ പ്രതിപക്ഷ നേതാവ് എന്ന പദവി ഇല്ല" എന്ന റെസലൂഷൻ പാസാക്കാം. റെസലൂഷനിലൂടെ ആ കൗൺസിലർ തെറ്റായ പദവി ഉപയോഗിക്കുന്നത് വിലക്കാം.
നഗരസഭാ ഭരണ സമിതി/ സെക്രട്ടറി വഴി രേഖാമൂലം നോട്ടീസ് നൽകാം. ഒഫീഷ്യൽ ലെറ്റർഹെഡുകൾ, ബോർഡുകൾ, സോഷ്യൽ മീഡിയ, ബാനറുകൾ എന്നിവയിൽ തെറ്റായ പദവി ഉപയോഗിക്കുന്നത് വിലക്കാം. തുടർച്ചയായ ലംഘനമുണ്ടെങ്കിൽ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്താം.
സർക്കാർ / ഡയറക്ടർ ഓഫ് മുനിസിപ്പാലിറ്റീസ് (DoM) ന് പരാതി നൽകാം. തെറ്റായ പദവി ഉപയോഗം തടയാൻ നഗരസഭാ സെക്രട്ടറിയോട് നടപടി സ്വീകരിക്കാൻ മുനിസിപ്പാലിറ്റീസ് ഡയറക്ടർ നിർദേശിക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ എന്ന നിലയിൽ ഹൈക്കോടതിയിൽ റിറ്റ് ഹർജി നൽകാം. സർക്കാർ രേഖകളിലും ഔദ്യോഗിക കത്തുകളിലും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യങ്ങളിലും ഈ പദവി ഉപയോഗിക്കുന്നുണ്ടെങ്കിൽ കേസിന് ശക്തിയേറും.
ബന്ധപ്പെട്ട പാർട്ടിക്ക് ആ കൗൺസിലറെ താക്കീത് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ പദവികളിൽ നിന്ന് മാറ്റാം. പരസ്യമായി നിലപാട് തിരുത്താൻ നിർദ്ദേശിക്കാം. മറ്റു പാർട്ടികൾക്ക് പത്രസമ്മേളനം, കൗൺസിൽ പ്രതിഷേധം, രാഷ്ട്രീയ പ്രമേയം എന്നിവ വഴി വിഷയം ജനമധ്യത്തിൽ ഉയർത്താം. മാധ്യമ ശ്രദ്ധ ലഭിച്ചാൽ നഗരസഭയുടെ ഭാഗത്തു നിന്ന് വിശദീകരണം നൽകേണ്ടിവരും. ആ പദവി അംഗീകരിക്കുന്നില്ലെന്ന് നഗരസഭാ വെബ്‌സൈറ്റ് / നോട്ടിഫിക്കേഷനുകളിൽ വ്യക്തമാക്കേണ്ടിയും വരും.








