02 January, 2026 09:24:33 AM


'സേവ് ബോക്‌സ്' ആപ്പ് തട്ടിപ്പ്: ഇ ഡിയുടെ മൂന്നാമത്തെ സമൻസ് ലഭിച്ചിട്ടില്ലെന്ന് ജയസൂര്യ



കൊച്ചി: 'സേവ് ബോക്‌സ്' ആപ്പുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് മൂന്നാം തവണയും ചോദ്യം ചെയ്യുമെന്ന അഭ്യൂഹം തള്ളി നടന്‍ ജയസൂര്യ. നുണ പ്രചാരണമാണ് നടക്കുന്നതെന്ന് നടന്‍ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കി. സമന്‍സ് ലഭിച്ചത് പ്രകാരം ഡിസംബര്‍ 24 നും 29 നും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. എന്നാല്‍ ജനുവരി 7ാം തീയതി ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇതുവരെ സമന്‍സ് ലഭിച്ചിട്ടില്ലെന്ന് ജയസൂര്യ പറയുന്നു.

പരസ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി സമീപിക്കുന്നവര്‍ എന്തൊക്കെ തട്ടിപ്പുകള്‍ നടത്തുമെന്ന് ആര്‍ക്കെങ്കിലും ഊഹിക്കാനാകുമോയെന്നും നടന്‍ ചോദിക്കുന്നു. നിയമാനുസൃതമായി മാത്രം സാമ്പത്തിക ഇടപാടുകള്‍ നടത്തി നികുതി അടക്കുന്ന ഉത്തരവാദിത്തപ്പെട്ട പൗരന്‍ മാത്രമാണ് താനെന്നും ജയസൂര്യ പറയുന്നു.

'സേവ് ബോക്‌സ്' ലേല ആപ്പിനെ സാധാരണക്കാര്‍ക്കിടയില്‍ പ്രമോട്ട് ചെയ്യുന്ന തരത്തില്‍ അഭിനയിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് നടന്‍ ജയസൂര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത്. തട്ടിപ്പിലൂടെ സേവ് ബോക്‌സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയില്‍ ജയസൂര്യയും ഉള്‍പ്പെട്ടതാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്. നിക്ഷേപമെന്ന പേരില്‍ നിരവധിപേരില്‍ നിന്ന് കോടികള്‍ തട്ടിയതിന് ആപ്പ് ഉടമ തൃശൂര്‍ സ്വദേശി സാത്വിക് റഹീമിനെ 2023ല്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായുള്ള ബന്ധപ്പവും സാമ്പത്തിക ഇടപാടുമാണ് ഇ ഡി അന്വേഷിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918