01 January, 2026 11:08:58 AM


കണിയാപുരത്ത് എംഡിഎംഎയുമായി രണ്ട് ഡോക്ടർമാരടക്കം 7 പേർ പിടിയിൽ



തിരുവനന്തപുരം കണിയാപുരത്ത് ലഹരി വേട്ട. രണ്ട് ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേർ പിടിയിലായി. ഇവരിൽ നിന്ന് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി. കണിയാപുരം തോപ്പിൽ ഭാഗത്ത് ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ ആറ്റിങ്ങൽ നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘം സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി പിടിച്ചെടുത്തത്.

നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29), കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29), തൊളിക്കോട് സ്വദേശി അജിത്ത് (30), കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി വിഗ്നേഷ് ദത്തൻ (34)- ഡോക്ടർ, പാലോട് സ്വദേശിനി അൻസിയ (37), കൊട്ടാരക്കര സ്വദേശിനി ഹലീന (27), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരാണ് പിടിയിലായത്. ഇതിൽ അസിം, അജിത്ത്, അൻസിയ എന്നിവർ മുൻപ് നിരവധി ലഹരി കേസുകളിൽ പ്രതികളായിട്ടുള്ളവരാണ്.

ബാംഗ്ലൂരിൽ നിന്ന് എംഡിഎയും മറ്റും കടത്തിക്കൊണ്ടുവന്ന് പ്രൊഫഷണൽ വിദ്യാർഥികൾക്കും ഡോക്ടർമാർക്കുമാണ് ഇവർ നൽകി വന്നിരുന്നത്. അസിമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പിടികൂടാൻ ശ്രമിച്ചപ്പോൾ പൊലീസ് ജീപ്പിൽ കാറിടിച്ച ശേഷം ഈ സംഘം കടന്നു കളയുകയായിരുന്നു. തുടർന്ന് കണിയാപുരം ഭാഗത്ത് ഉണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെളുപ്പിന് ഡാൻസാഫ് സംഘം വീട് വളഞ്ഞ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 4 ഗ്രാം എംഡിഎംഎയും ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവും 100 ഗ്രാം സാധാരണ കഞ്ചാവും പിടിച്ചെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K