31 December, 2025 09:37:04 AM
ആലപ്പുഴയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ: ആലപ്പുഴ മുഹമ്മയില്‍ പോലീസ് ഉദ്യോഗസ്ഥനെ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുഹമ്മ പോലീസ് സ്റ്റേഷനിലെ സിപിഒ സന്തോഷ് കുമാര്‍(44) ആണ് മരിച്ചത്. പോലീസ് സ്റ്റേഷന്റെ മുകളിലത്തെ അടച്ചു പൂട്ടിയ ടെറസിലാണ് സന്തോഷ് കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയതായിരുന്നു സന്തോഷ് കുമാര്‍. ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട്ടില്‍ എത്താതിനെ തുടര്‍ന്ന് കുടുംബം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മുഹമ്മ കപ്പേള സ്‌കൂളിന് സമീപമാണ് സന്തോഷ് കുമാറിന്റെ വീട്. ഭാര്യയും രണ്ട് പെണ്‍ മക്കളുമാണ് സന്തോഷ് കുമാറിനുള്ളത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണ കാരണം വ്യക്തമല്ല.








