27 December, 2025 10:24:21 AM


ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി



പാലക്കാട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം സത്യപ്രതിജ്ഞ ചെയ്തതില്‍ വിശദീകരണം തേടി ഹൈക്കോടതി. വടക്കഞ്ചേരി പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തങ്ങളുടെ തുടര്‍ ഉത്തരവുകള്‍ക്ക് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുന്നതിനു തടസമില്ലെന്ന് ജസ്റ്റിസ് എന്‍ നഗരേഷ് വ്യക്തമാക്കി.

യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം എത്തിയ വടക്കഞ്ചേരി പഞ്ചായത്തിലെ 21-ാം വാര്‍ഡില്‍നിന്നു വിജയിച്ച കോണ്‍ഗ്രസ് അംഗം സുനില്‍ ചവിട്ടുപാടമാണ് ഉമ്മന്‍ ചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ ഇത് കേരള പഞ്ചായത്ത് രാജ് നിയമത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി 15-ാം വാര്‍ഡില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് അംഗം സി കണ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍ നഗരേഷിന്റെ നിര്‍ദേശം. നിയമലംഘനം നടത്തിയതിനാല്‍ പഞ്ചായത്ത് അംഗമായി തുടരാന്‍ സുനിലിന് അര്‍ഹതയില്ലെന്നും ഇന്ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്നുമാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. അതേസമയം, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സുനിലിനെ പങ്കെടുക്കാന്‍ അനുവദിക്കരുതെന്ന ആവശ്യം കോടതി അനുവദിച്ചില്ല.

ഹര്‍ജിക്കാരന്റെ വാദത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു വിലയിരുത്തിയ ഹൈക്കോടതി മൂന്നാഴ്ചയ്ക്കുള്ളില്‍ എതിര്‍കക്ഷികള്‍ വാദം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച് കേസ് ജനുവരി 23ലേക്ക് മാറ്റി. 30 വര്‍ഷമായി എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് വടക്കഞ്ചേരി. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 9 സീറ്റുകള്‍ വീതമാണ് ലഭിച്ചത്. മൂന്ന് സീറ്റ് ബിജെപി നേടിയപ്പോള്‍ ഒരു സ്വതന്ത്രനും വിജയിച്ചു. സ്വതന്ത്രന്റെ പിന്‍തുണയോടെയാണ് ഇക്കുറി യുഡിഎഫ് ഭരണം ഉറപ്പിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K