22 December, 2025 08:37:20 PM


കൺസ്യൂമർഫെഡ് ക്രിസ്‌മസ്, പുതുവത്സര വിപണിക്ക് തുടക്കം



കോട്ടയം:  ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിന് സഹകരണ പ്രസ്ഥാനത്തിൻ്റെ ഇടപെടല്‍ നിര്‍ണായകമായെന്ന്  സഹകരണം - ദേവസ്വം -തുറമുഖം  വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡിന്‍റെ സഹകരണ ക്രിസ്മസ് -പുതുവത്സര വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം  നിര്‍വഹിക്കുകയായിരുന്നു  അദ്ദേഹം. 

ഏറ്റുമാനൂർ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം നടന്ന ചടങ്ങില്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ അഡ്വ. പി.എം. ഇസ്മയില്‍ അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ആര്‍. പ്രമോദ് ചന്ദ്രന്‍, മാനേജിംഗ് ഡയറക്ടര്‍ ആര്‍. ശിവകുമാര്‍,  കേരള ബാങ്ക് ഡയറക്ടര്‍ ജോസ് ടോം, നഗരസഭാ കൗണ്‍സിലര്‍  അന്നമ്മ തോമസ്,  പി.എ.സി.എസ് ജില്ലാ സെക്രട്ടറി കെ.ജെ. അനില്‍കുമാര്‍, ഡെപ്യൂട്ടി രജിസ്റ്റര്‍ കെ.സി. വിജയകുമാര്‍, അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ബി. ഉണ്ണികൃഷ്ണന്‍ നായര്‍,  പേരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് പി.വി. പ്രദീപ്. കണ്‍സ്യൂമര്‍ഫെഡ് റീജണല്‍ മാനേജര്‍ ആര്‍. പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ജനുവരി ഒന്നു വരെയാണ് വിപണി പ്രവര്‍ത്തിക്കുക. 
ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 33രൂപ നിരക്കിൽ ജയ അരി എട്ടു കിലോഗ്രാമും കുത്തരിയും കുറുവ അരിയും 10 കിലോഗ്രാം വീതവും ലഭിക്കും. 29 രൂപ നിരക്കിൽ രണ്ട് കിലോ പച്ചരി, 34.65 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര, 85 രൂപയ്ക്ക് ഒരു കിലോ ചെറുപറയർ , 87 രൂപയ്ക്ക് ഒരു കിലോ ഉഴുന്ന്, 147 രൂപയ്ക്ക് അര ലിറ്റർ വെളിച്ചെണ്ണ എന്നിവയും ലഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913