31 January, 2026 06:51:00 PM
വെടിയുണ്ട തുളഞ്ഞു കയറി ഹൃദയവും ശ്വാസകോശവും തകര്‍ത്തു; സി ജെ റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബെംഗളൂരു: ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. മരണ കാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശം തുളഞ്ഞു കയറിയുണ്ടായ പരിക്കാണ്. ഇരു അവയവങ്ങളും തകര്‍ത്ത് വെടിയുണ്ട പുറത്തു പോയി. 6.35എംഎം വലിപ്പമുള്ള വെടിയുണ്ട ശരീരത്തില്‍ നിന്ന് കണ്ടെത്തി. വെടിമരുന്നിന്റെയും ശരീര ഭാഗങ്ങളുടെയും സാമ്പില്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചെന്നും ബൗറിങ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എം എന്‍ അരുണ്‍ പറഞ്ഞു.
ഇന്നലെ ബെംഗളൂരുവിലെ ഓഫീസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനിടെ, ചില രേഖകള്‍ എടുക്കാനെന്ന് പറഞ്ഞാണ് റോയ് സ്വന്തം മുറിയിലേക്ക് പോയത്. ആരെയും അകത്തേക്ക് വിടരുതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് റോയ് നിര്‍ദ്ദേശം നല്‍കി. മുറിയുടെ കുറ്റിയിട്ട ശേഷം സ്വന്തം റിവോള്‍വര്‍ എടുത്ത് നെഞ്ചത്തേക്ക് ചേര്‍ത്ത് വെടിയുതിര്‍ത്തു. തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്നവര്‍ ശബ്ദം കേട്ട് ചെന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. റോയിക്ക് കടബാധ്യതയോ സാമ്പത്തിക പ്രശ്‌നങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഐടി ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് സഹോദരന്‍ സി.ജെ.ബാബു പറഞ്ഞു. ആരോപണങ്ങള്‍ നീളുന്നത് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദിലേക്കാണ്.
വ്യവസായിയെ സമ്മര്‍ദത്തിലാക്കി എന്ന ആരോപണം ആദായ നികുതി വകുപ്പ് നിഷേധിച്ചു. ഇന്നലെ ചോദ്യം ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. റോയിയോട് ചില രേഖകളില്‍ ഒപ്പിടാന്‍ എത്താന്‍ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നും ഐടി വകുപ്പ് അറിയിച്ചു. എന്നാല്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന്റെ പേരില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായോ എന്ന് പരിശോധിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഇത്തരം കടുംകൈ ചെയ്യേണ്ടി വന്ന സാഹചര്യം ഗൗരവമായി അന്വേഷിക്കണം എന്ന് സിപിഐഎം ആവശ്യപ്പെട്ടു.






