05 February, 2026 12:34:27 PM


ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം



കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കട്ടിളപ്പാളി കേസിലും മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞ സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കൊല്ലം വിജിലൻസ് കോടതി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ദ്വാരപാല കേസില്‍ പോറ്റിക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്ന് ജയില്‍ മോചിതനാകും. ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെ കേസില്‍ ഇതുവരെ നാല് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. നാല് പ്രതികള്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു.

ദ്വാരപാലക കേസില്‍ ഇക്കഴിഞ്ഞ ജനുവരി 21നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെയായിരുന്നു കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം. ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ച് ഒരു മാസം പിന്നിടും മുൻപാണ് രണ്ടാമത്തെ കേസിലും പോറ്റിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.

അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ കൂടുതല്‍ കേസുകളെടുക്കാനുള്ള എസ്‌ഐടിയുടെ നീക്കം പാളി. സാമ്പത്തിക തട്ടിപ്പില്‍ കേസുകളെടുക്കാനുള്ള നീക്കം എസ്‌ഐടി ഉപേക്ഷിച്ചു. പരാതിക്കാര്‍ വീണ്ടും വരാന്‍ തയ്യാറാകാത്തതാണ് തിരിച്ചടിയായിരിക്കുന്നത്. നിലവിലുള്ള റിയല്‍ എസ്റ്റേറ്റ്, ചെക്ക് കേസുകള്‍ ഒത്തുതീര്‍പ്പായി. കോടതിയില്‍ തിരിച്ചടിയാകുമെന്നും എസ്‌ഐടി വിലയിരുത്തുന്നു. പുതിയ പരാതിക്കാരെ കണ്ടെത്താനാവാത്തതും തിരിച്ചടിയാണ്. ഇതോടെ പുറത്തിറങ്ങുന്ന പോറ്റിയെ അറസ്റ്റ് ചെയ്യാനാവില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923