17 December, 2025 07:34:20 PM
മന്ത്രി സജി ചെറിയാന്‍റെ കാറിന്‍റെ ടയർ ഓടിക്കൊണ്ടിരിക്കെ ഊരിതെറിച്ചു

തിരുവനന്തപുരം: സാംസ്കാരിക മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. മന്ത്രിയും സ്റ്റാഫ് അംഗങ്ങളും അത്ഭുതകരമായ രക്ഷപ്പെട്ടു. മന്ത്രിയുടെ എട്ടാം നമ്പർ സ്റ്റേറ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി ചെങ്ങന്നൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരും വഴി ബുധനാഴ്ച രാവിലെ ഏഴുമണിക്കാണ് സംഭവം. തിരുവനന്തപുരം വാമനപുരത്തുവച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ഒരു ടയർ ഊരി തെറിക്കുകയായിരുന്നു. മന്ത്രിയും വാഹനത്തിൽ സഞ്ചരിച്ച മറ്റുള്ളവരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടത്തിൽ അസ്വാഭാവികത ഉണ്ടെന്നും അന്വേഷണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
'ടയര്‍ ഊരി പോയിട്ടും അതിന്റെ ബോള്‍ട്ടുകളെല്ലാം അതില്‍ തന്നെ ഉണ്ടായിരുന്നു. ക്രിസ്റ്റ ഇന്നോവ ഇത്രയും വിലയുള്ള വാഹനമാണല്ലോ. സാധാരണഗതിയില്‍ അതിന്റെ ടയര്‍ അഴിഞ്ഞു പോയി എന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. അതുകൊണ്ടാണ് ഞാന്‍ പൊലീസിനോട് അന്വേഷിക്കാന്‍ പറഞ്ഞത്. മൂന്ന് ദിവങ്ങള്‍ക്ക് മുന്‍പ് സര്‍വീസ് ചെയ്ത വാഹനമാണ്. അതിന് ശേഷം 500 കിലോമീറ്റര്‍ മാത്രമാണ് ഓടിയത്. അതിനാല്‍ ടയര്‍ ഊരി തെറിക്കാനുള്ള സാഹചര്യം നിലവിലില്ല. വലിയ അപകടത്തില്‍ നിന്ന് ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്.' സജി ചെറിയാൻ പ്രതികരിച്ചു.







