16 December, 2025 09:20:04 AM


സരോവരത്തെ ചതുപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ വിജിലിൻ്റേത്; ഡിഎൻഎ ഫലം പുറത്ത്



കോഴിക്കോട്: കോഴിക്കോട് കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. സരോവരത്തെ ചതുപ്പില്‍ കണ്ടെത്തിയത് വിജിലിന്റെ മൃതദേഹാവശിഷ്ടമെന്ന് സ്ഥീരികരിച്ചു. കണ്ണൂർ ഫോറൻസിക് സയൻസ് ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. നേരത്തെ വിജിലിൻറെ അമ്മയുടെയും സഹോദരൻ്റെയും ഡിഎൻഎ സാമ്പിളുകൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു.

2019ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായിരിക്കുന്നത്. ആറു വര്‍ഷം മുന്‍പ് കാണാതായ വെസ്റ്റ്ഹില്‍ സ്വദേശിയായ വിജില്‍ മരിച്ചെന്ന് സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയതോടെയാണ് ഈ കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്. അമിത ലഹരി ഉപയോഗത്തിന് പിന്നാലെ വിജിലിൻ്റെ ബോധം പോവുകയായിരുന്നു. വിജിലിനെ ഉപേക്ഷിച്ച് അവിടെനിന്ന് പോയ സുഹൃത്തുക്കള്‍ രണ്ടുദിവസം കഴിഞ്ഞ് തിരിച്ചെത്തുകയും, മരിച്ച നിലയില്‍ കണ്ട വിജിലിനെ കുഴിച്ചിടുകയും ചെയ്തു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. 

വിജിലിന്റെ സുഹൃത്തുക്കളായ ഒന്നാം പ്രതി നിഖില്‍, രണ്ടാം പ്രതി രഞ്ജിത്ത്, മൂന്നാം പ്രതി ദീപേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോ​ദ്യം ചെയ്തതിൽ നിന്നായിരുന്നു വിജിൽ കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്. തെളിവെടുപ്പിനായി ഒന്നാം പ്രതി നിഖിലുമായി കല്ലായി റെയില്‍വേ സ്‌റ്റേഷനിൽ എത്തിയ പൊലീസ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് പ്രതികള്‍ ഉപേക്ഷിച്ച വിജിലിന്റെ ബൈക്ക് കണ്ടെടുത്തു. അടുത്ത ദിവസം മുതല്‍ വിജിലിനെ കുഴിച്ചുമൂടിയ സരോവരത്ത് പരിശോധന തുടങ്ങി. എന്നാല്‍ കനത്ത മഴ ചതുപ്പിലെ പരിശോധനയ്ക്ക് തടസമായിരുന്നു. പിന്നീട് കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കി ചതുപ്പിലെ തിരച്ചില്‍ പുനരാരംഭിച്ചു. മൂന്നാം നാള്‍ വിജിലിന്റെ ഷൂ കണ്ടെടുത്തു. പ്രതികള്‍ ഇത് വിജിലിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K