18 November, 2025 06:57:59 PM
തദ്ദേശ തെരഞ്ഞെടുപ്പ്: വിപുലമായ വോട്ടർ ബോധവൽക്കരണ പരിപാടികളുമായി ലീപ് കേരള

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പു പ്രക്രിയയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികളുമായി ലീപ് കേരള (ലോക്കൽ ബോഡി ഇലക്ഷൻ അവയർനെസ് പ്രോഗ്രാം കേരള). വ്യക്തവും സമയബന്ധിതവുമായ വിവരങ്ങൾ നൽകി എല്ലാവരുടേയും വോട്ട് ഉറപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും വ്യത്യസ്ത സംഭവങ്ങളും കോർത്തിണക്കിയ ചോദ്യങ്ങളുമായി 'ഠമാർ പഠാർ -റിപ്പോർട്ടർമാർക്കൊപ്പം' എന്ന പേരിൽ വെള്ളിയാഴ്ച (നവംബർ 21) രാവിലെ 10 മുതൽ കോട്ടയം പ്രസ്സ് ക്ലബ്ബിൽ ചോദ്യോത്തര വേള സംഘടിപ്പിക്കും. ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ പരിപാടി ഉദ്ഘാടനം ചെയ്യും.
ശനിയാഴ്ച (നവംബർ 22) രാവിലെ 10 മുതൽ ചങ്ങനാശ്ശേരി മീഡിയാ വില്ലേജിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ബിനുജോൺ പങ്കെടുക്കുന്ന ഇലക്ഷൻ ടോക്ക് ഷോ സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് വിശേഷങ്ങളുടെ പ്രചരണാർത്ഥം തലനാട്, പനച്ചിക്കാട്, വാഴൂർ, മണർകാട്, വൈക്കം എന്നിവിടങ്ങളിൽ നവംബർ 24 മുതൽ 30 വരെ 'നാടറിഞ്ഞ് വോട്ട് ചെയ്യാം' എന്ന പേരിൽ നാട്ടുകൂട്ടം പരിപാടിയും സംഘടിപ്പിക്കും.







