10 November, 2025 04:08:12 PM
കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ്: ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ നിയമിച്ചുള്ള സര്‍ക്കാര്‍ ഉത്തരവിറക്കി. കെ രാജുവിനെ ദേവസ്വം ബോര്‍ഡ് അംഗമാക്കിയും ഉത്തരവിറക്കി. ഉത്തരവ് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
ഉത്തരവ് പ്രകാരം രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയകുമാറിന്റെ പേര് നിര്‍ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. സിപിഐഎം സെക്രട്ടറിയേറ്റില്‍ അഞ്ച് പേരുകളായിരുന്നു ഉയര്‍ന്നു വന്നത്. ജയകുമാര്‍ ദീര്‍ഘകാലം ശബരിമല ഹൈ പവര്‍ കമ്മിറ്റിയുടെ ചെയര്‍മാനായി ചുമതല വഹിച്ചിട്ടുണ്ട്. മുൻ മന്ത്രി കെ രാജുവിനും ദേവസ്വം ബോർഡ് അംഗമായി നിയമനം നൽകിയിട്ടുണ്ട്.
രണ്ട് തവണ സ്പെഷ്യല്‍ കമ്മീഷണര്‍ പദവിയും വഹിച്ചിട്ടുണ്ട്. കൂടാതെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) ഡയറക്ടറാണ്. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്നു. കവി, ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനാണ്.







