18 October, 2025 10:18:40 AM


മൊസാംബിക്കില്‍ ബോട്ട് മുങ്ങി മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു; മലയാളിയടക്കം 5 പേരെ കാണാനില്ല



മാപുട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ബെയ്‌റാ തുറമുഖത്തിനു സമീപം ഉണ്ടായ ബോട്ട് അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. പിറവം വെളിയനാട് പോത്തംകുടിലില്‍ സന്തോഷിന്റെയും ഷീനയുടെയും മകന്‍ ഇന്ദ്രജിത് (22) ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ കാണാതായി.  തുറമുഖത്തിന് സമീപം ക്രൂ ട്രാന്‍സ്ഫര്‍ ഓപ്പറേഷനിനിടെ ചരക്ക് കപ്പലിലെ ജീവനക്കാരെ വഹിച്ചുകൊണ്ടിരുന്ന ലോഞ്ച് ബോട്ട് മറിഞ്ഞാണ് അപകടം ഉണ്ടായതെന്ന് മൊസാംബിക്കിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.

തുറമുഖത്തിനു സമീപം നങ്കൂരമിട്ടിരുന്ന എംടി സീ ക്വസ്റ്റ് എന്ന എണ്ണടാങ്കറിലെ ജീവനക്കാരാണ് അപടകടത്തില്‍പ്പെട്ടത്. ബോട്ടിലെ ജോലിക്കാരും കപ്പലില്‍ ജോലിക്കു കയറേണ്ടവരും ഉള്‍പ്പെടെ 21 പേരാണു ബോട്ടില്‍ ഉണ്ടായിരുന്നത്. 13 പേരെ രക്ഷപ്പെടുത്തി.

കപ്പലില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന കമ്പനിയിലെ ജീവനക്കാരനാണ് കാണാതായ ഇന്ദ്രജിത്ത്. കപ്പലില്‍ ജോലിക്കു കയറുന്നതിനു ബോട്ടില്‍ പോകുമ്പോഴായിരുന്നു അപകടം. ബോട്ടിലുണ്ടായിരുന്ന മറ്റൊരു മലയാളി യുവാവ് രക്ഷപ്പെട്ടു. കപ്പലില്‍ മേഖലയില്‍ ജോലിക്കാരനായ ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷ് മൊസാംബിക്കില്‍ എത്തും. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912