22 August, 2025 11:26:27 AM
വിവാഹാലോചന നിരസിച്ചു; ഒറ്റപ്പാലത്ത് യുവതിയുടെ വീടിന് നേരെ ആക്രമണം, മൂന്ന് പേര്‍ പിടിയില്‍

ഒറ്റപ്പാലം: വിവാഹാലോചന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ ആക്രമണം നടത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തൃക്കടീരി ആറ്റശ്ശേരി പടിഞ്ഞാറേക്കര വീട്ടില്‍ മുഹമ്മദ് ഫാസില്‍(20), വീരമംഗലം ചക്കാലക്കുന്നത്ത് മുഹമ്മദ് സാദിഖ്(20), തൃക്കടീരി കോടിയില്‍ മുഹമ്മദ് ഫവാസ്(21) എന്നിവരാണ് പിടിയിലായത്.
അനങ്ങനടി പാവുക്കോണത്തെ പെണ്‍കുട്ടിയുടെ വീടിനും വാഹനങ്ങള്‍ക്ക് നേരെയാണ് ഇവർ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. രാത്രി എട്ടുമണിയോടെയായിരുന്നു ആക്രമണം. പെണ്‍കുട്ടിയുടെ ബന്ധുവാണ് പൊലീസില്‍ പരാതി നല്‍കിയത്. മുറ്റത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്റെ പിന്നിലെ ചില്ലും അടിച്ചുതകര്‍കത്തു. ആയുധങ്ങളുമായെത്തിയ സംഘം ജനല്‍ചില്ലുകള്‍ തകര്‍ത്തെന്നും സ്ത്രീകളും കുടുംബങ്ങളും ഉള്‍പ്പെടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി എന്നുമാണ് പരാതി.
ഒറ്റപ്പാലം അനങ്ങനടി പാവുക്കോണത്താണ് പെണ്‍കുട്ടിയുടെയും അടുത്ത ബന്ധുവിന്റെയും വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഫാസിലുമായി പെണ്‍കുട്ടിയെ വിവാഹം ചെയ്തു നല്‍കാത്തതിനുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.