14 July, 2025 10:53:33 AM


സിനിമാ ചിത്രീകരണത്തിനിടെ പ്രശസ്‌ത സ്റ്റണ്ട് മാസ്റ്റര്‍ മോഹന്‍ രാജ് മരിച്ചു



ചെന്നൈ: സിനിമാ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റര്‍ മരിച്ചു. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ, സ്റ്റണ്ട് മാസ്റ്റര്‍ എസ് എം രാജു എന്ന മോഹന്‍ രാജ്(52) ആണ് മരിച്ചത്. കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് അപകടം ഉണ്ടായത്.

ഇന്നലെയാണ് അപകടം ഉണ്ടായത്. ആര്യ നായകനായുള്ള സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാര്‍ ചെയ്‌സ് ഷൂട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് എസ് യുവി മറിയുകയായിരുന്നു. റാമ്പില്‍ കയറി ചാടുന്ന സീന്‍ ചിത്രീകരിക്കുന്നതിനിടെ, റാമ്പില്‍ കയറുന്നതിന് മുന്‍പ് നിയന്ത്രണം വിട്ട് കാര്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

നിരവധി സിനിമകളില്‍ രാജുവിനൊപ്പം പ്രവര്‍ത്തിച്ച നടന്‍ വിശാല്‍ വാര്‍ത്ത സ്ഥിരീകരിച്ചു. ''എനിക്ക് രാജുവിനെ വര്‍ഷങ്ങളായി അറിയാം, എന്റെ സിനിമകളില്‍ അദ്ദേഹം നിരവധി അപകടകരമായ സ്റ്റണ്ടുകള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം വളരെ ധീരനായ വ്യക്തിയായിരുന്നു. എന്റെ അഗാധമായ അനുശോചനം, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.''- വിശാല്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

രാജുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കുമെന്ന് വിശാല്‍ വാഗ്ദാനം ചെയ്തു. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സ്റ്റണ്ട് സില്‍വയും രാജുവിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി. പാ. രഞ്ജിത്തിന്റെ വേട്ടുവം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം ഉണ്ടായത്. ചിത്രം 2026 ല്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K