04 July, 2025 10:59:15 AM


മണ്ണ് മാറ്റി തിരച്ചില്‍ നടത്താന്‍ പറഞ്ഞു; രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചില്ല- മന്ത്രി വി എന്‍ വാസവന്‍



കോട്ടയം: മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ തിരച്ചില്‍ നടത്തുന്നത് സംബന്ധിച്ച് മന്ത്രിമാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി വിഎന്‍ വാസവന്‍. ഇത് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളാണ് നടക്കുന്നത്. തിരച്ചില്‍ നിര്‍ത്തിവച്ചു എന്നുപറയുന്നത് രാഷ്ട്രീയ ആരോപണമാണെന്നും വിവരം അറിഞ്ഞ ഉടന്‍ തന്നെ സ്ഥലത്തെത്തിയതായും മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് കാലതാമസം ഉണ്ടായിട്ടില്ല എന്നും മന്ത്രി പറഞ്ഞു. തകർന്ന് വീണത് 68 വർഷം മുൻപ് ഉള്ള കെട്ടിടമാണ് എന്നും മന്ത്രി പറഞ്ഞു.

മണ്ണ് മാറ്റി തിരച്ചില്‍ നടത്തണമെന്ന നിര്‍ദേശം നല്‍കിയത് താനാണെന്നും വാസവന്‍ പറഞ്ഞു. തിരച്ചില്‍ നിര്‍ത്തിവയ്ക്കണമെന്നോ അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ ആളില്ലെന്നോ ആരും പറഞ്ഞിട്ടില്ല. ജെസിബി കൊണ്ടുവന്ന് തിരച്ചില്‍ നടത്തണമെന്ന് തന്നെയാണ് നിര്‍ദേശിച്ചത്. എന്നാല്‍ ഹിറ്റാച്ചി കയറി വരാന്‍ സ്ഥലമുണ്ടായിരുന്നില്ല. അവിടെ നിന്ന് കിട്ടിയ വിവരം അനുസരിച്ചാണ് ഉപയോഗശൂന്യമായ കെട്ടിടമെന്ന് പറഞ്ഞതെന്നും വാസവന്‍ പറഞ്ഞു.

മെഡിക്കല്‍ സൂപ്രണ്ടാണ് ആരോഗ്യമന്ത്രിയോട് ആ കെട്ടിടം ഉപയോഗിക്കാറില്ലെന്ന് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി അങ്ങനെ മാധ്യമങ്ങളോട് പറഞ്ഞത്. കോട്ടയം മെഡിക്കല്‍ സൂപ്രണ്ടിനെ അവിശ്വസിക്കേണ്ടതില്ല. അദ്ദേഹം അങ്ങനെ കള്ളം പറയുന്ന ഒരാളല്ല. ഇന്ന് വൈകീട്ട് ബിന്ദുവിന്റെ വീട്ടിലെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ എംഎല്‍എയും പ്രവര്‍ത്തകരുമാണ് ആംബുലന്‍സിന് വിലങ്ങിട്ടത്. പ്രതിപക്ഷം സംഭവത്തില്‍ രാഷ്ട്രീയം കളിക്കുകയാണ്. പുരയ്ക്ക് തീപിടിക്കുമ്പോള്‍ വാഴ വെട്ടുകയെന്നതാണ് പലരുടെയും നിലപാടെന്നും മന്ത്രി പറഞ്ഞു.

സംഭവത്തിന് പിന്നാലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബവുമായി ആശയവിനിമയം നടത്തിയിരുന്നു. മൂന്ന് ഡിമാന്റുകളാണ് അവര്‍ ആവശ്യപ്പെട്ടത്. കുട്ടിയുടെ ചികിത്സ ഉറപ്പാക്കണം. കുടുംബത്തിന് ധനസഹായം വേണം, ഭാവിയെ സംബന്ധിച്ച സുരക്ഷിതത്വം എന്നിവയായിരുന്നു അവ. അക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അവരെ അറിയിക്കുകയും ചെയ്തതായും മന്ത്രി പറഞ്ഞു.

അതേസമയം, ബിന്ദുവിന്റെ മൃതദേഹം രാവിലെ എട്ടരയോടെ തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ബിന്ദുവിന്റെ മകള്‍ കഴുത്തില്‍ കോളര്‍ ധരിച്ചാണ് അമ്മയെ അവസാനമായി കാണാനെത്തിയത്. നാടിന്റെ നൊമ്പരമായി മാറിയ ബിന്ദുവിന്റെ കാണാന്‍ നൂറുക്കണക്കിന് ആളുകളാണ് വീട്ടിലേക്കെത്തുന്നത്. സംസ്കാര ചടങ്ങിന്‍റെ ചെലവിന് 50,000 രൂപ നൽകുമെന്നും പിന്നാലെ ബാക്കി ധനസഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 949