27 June, 2025 09:27:05 PM
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: 3 പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കൊല്‍ക്കത്ത കസ്ബയിലുളള ലോ കോളേജിലാണ് സംഭവം. മൂന്നുപേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടി. പ്രതികളില്‍ രണ്ടുപേര്‍ ലോ കോളേജിലെ വിദ്യാര്‍ത്ഥികളും ഒരാള്‍ പൂര്‍വ വിദ്യാര്‍ത്ഥിയുമാണ്. ജൂണ്‍ 25-ന് രാത്രി 7.30 നും 10.50 -നും ഇടയിലാണ് ദാരുണ സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അതിജീവിതയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കസ്ബ പൊലീസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോളേജിൻ്റെ മുന്‍ യൂണിറ്റ് പ്രസിഡന്റായ മന്‍ജോഹിത് മിശ്ര (31), ബെയ്ബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോളേജ് കെട്ടിടത്തിനുളളില്‍വെച്ചാണ് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായത്.
അതിജീവിതയുടെ പ്രാഥമിക വൈദ്യപരിശോധന നടത്തി. സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥലത്ത് ഫോറന്‍സിക് പരിശോധന ഉടന്‍ നടത്തുമെന്നും പൊലീസ് അറിയിച്ചു. മൂന്ന് പ്രതികളും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ജൂലൈ ഒന്നുവരെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. അതേസമയം, സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. സംഭവത്തിന് പൊലീസാണ് പൂര്‍ണ ഉത്തരവാദികളെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ലെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി.
നിയമവിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായ സംഭവം ഭയാനകമാണ് എന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞത്. കുറ്റകൃത്യം ചെയ്തത് മുന്‍ കോളേജ് വിദ്യാര്‍ത്ഥിയും രണ്ട് കോളേജ് വിദ്യാര്‍ത്ഥികളുമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാർത്ഥി സംഘടനാ അംഗമാണ് പ്രധാന പ്രതിയെന്നും അദ്ദേഹം ആരോപിച്ചു. പശ്ചിമബംഗാളില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടരുകയാണെന്നും മമതാ സര്‍ക്കാര്‍ പശ്ചിമബംഗാളിനെ സ്ത്രീകളുടെ പേടിസ്വപ്‌നമാക്കി മാറ്റിയെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി. ബിജെപി ഇരയായ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും കൂടെ നിലകൊളളുന്നുവെന്നും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.