19 May, 2025 06:59:27 PM
ലഹരിമുക്ത കേരള സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു

കോട്ടയം: ജില്ലാ സ്പോർട്സ് കൗൺസിൽ, കോട്ടയം സൈക്ലിംഗ് ക്ലബ് എന്നിവ ചേർന്ന് സംഘടിപ്പിച്ച ലഹരിമുക്ത കേരള സന്ദേശ സൈക്കിൾ റാലി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഫ്ലാഗ് ഓഫ് ചെയ്തു. കളക്ടറേറ്റിൽ നിന്ന് ആരംഭിച്ച റാലി സംക്രാന്തി, മെഡിക്കൽ കോളേജ്, മാന്നാനം, അതിരമ്പുഴ, ഏറ്റുമാനൂർ, തിരുവഞ്ചൂർ, മണർകാട് വഴി നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ സൈക്ലിങ്ങിൽ ദേശീയതലത്തിൽ മെഡൽ നേടിയവരെ കോട്ടയം വെസ്റ്റ് പോലീസ് എസ്.എച്ച്.ഒ. കെ.ആർ. പ്രശാന്ത് കുമാർ ആദരിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ബൈജു വർഗീസ് ഗുരുക്കൾ, സെക്രട്ടറി എൽ. മായാദേവി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാബു മുരിക്കവേലി, കെ.ആർ. ഷാജി എന്നിവർ റാലിക്ക് നേതൃത്വം നൽകി. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നേതൃത്വം നൽകുന്ന കിക്ക് ഡ്രഗ്സ് ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് മുന്നോടിയായാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത് .