17 May, 2025 09:47:23 AM
റാപ്പർ വേടനെതിരായ വിവാദ പ്രസംഗം; എൻ ആർ മധുവിന് എതിരെ കേസ്

കൊല്ലം: റാപ്പർ വേടനെതിരായ വിവാദ പ്രസംഗത്തിൽ ആർ എസ് എസ് മുഖപത്രമായ കേസരിയുടെ മുഖ്യ പത്രാധിപർ എൻ ആർ മധുവിന് എതിരെ കേസ്. കലാപാഹ്വാനത്തിന് ശ്രമിച്ചുവെന്ന് എഫ് ഐ ആർ. സിപിഐഎം നേതാവിന്റെ പരാതിയിലാണ് നടപടി. ഭാരതീയ ന്യായ സംഹിത 192 വകുപ്പ് പ്രകാരമാണ് കേസ്. കലാപ ആഹ്വാനത്തിന് ശ്രമിച്ചുവെന്നാണ് എഫ് ഐ ആർ.
കിഴക്കേ കല്ലട ക്ഷേത്രത്തിൽ നടത്തിയ പൊതു പരിപാടിക്കിടെയാണ് വേടനെതിരെ എൻആർ മധു വിവാദ പ്രസംഗം നടത്തിയത്. വേടനെ ജാതിപരമായ രീതിയിൽ ആക്ഷേപിച്ചെന്ന് പരാതിയിൽ പറയുന്നു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തിരിക്കുന്നത്.
വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടന്റെ പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നുമായിരുന്നു എൻ ആർ മധു പറഞ്ഞത്. വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും മധു പറഞ്ഞു.